ഓണത്തിന് നേന്ത്രക്കായ വില ഉയരുന്നു; ചിപ്‌സിനും സദ്യക്കും ചിലവേറും

കഞ്ചിക്കോട്: ഓണക്കാലം അടുക്കുന്നതോടെ നേന്ത്രക്കായക്ക് വില കുതിച്ചുയരുകയാണ്. ഇതോടെ ചിപ്‌സിനും ഓണസദ്യക്കും അധികം ചിലവ് വരും എന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. നേന്ത്രക്കായക്ക് പുറമെ മറ്റ് പഴങ്ങൾക്കും വില ഉയരുന്നുണ്ട്. ഓണമടുക്കുന്നതോടെ വില…

കഞ്ചിക്കോട്: ഓണക്കാലം അടുക്കുന്നതോടെ നേന്ത്രക്കായക്ക് വില കുതിച്ചുയരുകയാണ്. ഇതോടെ ചിപ്‌സിനും ഓണസദ്യക്കും അധികം ചിലവ് വരും എന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

നേന്ത്രക്കായക്ക് പുറമെ മറ്റ് പഴങ്ങൾക്കും വില ഉയരുന്നുണ്ട്. ഓണമടുക്കുന്നതോടെ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് വിപണി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ മൊത്തവിപണിയിൽ നേന്ത്രക്കായക്ക് നല്ല രീതിയിൽ വർധനയുണ്ടായി.



തമിഴ്‌നാട്ടിലെ പ്രതികൂല കാലാവസ്ഥയും ഉൽപ്പാദനക്കുറവുമാണ് പ്രധാന കാരണം. ശക്തമായ കാറ്റിലും മഴയിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചു. സാധാരണ ഓണക്കാലത്ത് വിളവെടുപ്പ് കൂടുതലായിരിക്കുമെങ്കിലും ഇത്തവണ ആവശ്യത്തിന് വിളവില്ലാത്ത സ്ഥിതിയാണ്.

തമിഴ്‌നാട്ടിൽ നിന്നുള്ള നേന്ത്രക്കായ വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി. സംസ്ഥാനത്ത് പ്രാദേശിക ലഭ്യതക്കുറവായതിനാൽ ആവശ്യത്തിന് നേന്ത്രക്കായക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

നേന്ത്രക്കായ വില ഉയരുന്നതിനാൽ ചിപ്‌സ്, പഴം ചിപ്‌സ്, വറുത്തുപ്പേരി, ശർക്കര വരട്ടി എന്നിവയ്ക്കും വില കൂടുന്നുണ്ട്. നേരത്തെ നാളികേരത്തിനും വെളിച്ചെണ്ണക്കും വില കൂടിയപ്പോൾ ചിപ്‌സിന് വില ഉയർന്നിരുന്നു. പിന്നീട് വെളിച്ചെണ്ണ വില കുറഞ്ഞതോടെ ചിപ്‌സിന് വില കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും നാളികേര വില കൂടുന്നതിനാൽ ചിപ്‌സിന് വില കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.



കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും തരണം ചെയ്ത് പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി ചെയ്യുന്ന കർഷകർ പ്രതിസന്ധിയിലാണ്. ഇതോടെ പലരും വാഴകൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്.

ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ പൊതുവിപണിയിൽ നേന്ത്രക്കായ വില ഉയരുന്നതിനാൽ ഇത്തവണത്തെ ഓണസദ്യക്കും ചിലവേറുമെന്നതിൽ സംശയമില്ല.

Comments (0)