ചെറുനാരങ്ങയ്ക്ക് തീവില

കോഴിക്കോട്: സംസ്ഥാനത്ത് ചെറുനാരങ്ങ വില കുതിച്ചുയരുന്നു. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്തായിരുന്നു വില വര്‍ദ്ധിച്ചിരുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ ഒരു കിലോ ചെറുനാരങ്ങയുടെ വില 260-280 രൂപയാണ്. വലുപ്പം കൂടിയ ചെറുനാരങ്ങക്കാണ് തീവില. വലുപ്പം…

കോഴിക്കോട്: സംസ്ഥാനത്ത് ചെറുനാരങ്ങ വില കുതിച്ചുയരുന്നു. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്തായിരുന്നു വില വര്‍ദ്ധിച്ചിരുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ ഒരു കിലോ ചെറുനാരങ്ങയുടെ വില 260-280 രൂപയാണ്. വലുപ്പം കൂടിയ ചെറുനാരങ്ങക്കാണ് തീവില. വലുപ്പം കുറഞ്ഞ നാരങ്ങയ്ക്ക് വിലക്കുറവുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയില്‍ കിലോഗ്രാമിന് 80-90 രൂപ നിരക്കിലായിരുന്നു ചെറുനാരങ്ങയുടെ ചില്ലറ വില്‍പ്പന. ഓണക്കാലത്ത് 120 രൂപ വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഓണത്തിനുശേഷം വില കുതിച്ചുയരുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു മുമ്പ് ചെറുനാരങ്ങ കേരളത്തിലേക്ക് എത്തിയിരുന്നത്.

ആന്ധ്രയില്‍ ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട് വിപണിയെ ആശ്രയിക്കുകയാണ് കേരളത്തിലെ വ്യാപാരികള്‍. തമിഴ്നാട്ടില്‍ നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്. വലുപ്പം കൂടിയതും എളുപ്പം കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങ. പ്രാദേശിക വിപണിയിലും ജ്യൂസ് കടകളിലും ഈ നാരങ്ങയ്ക്കാണ് പ്രിയം. ചിങ്ങമാസം കല്യാണ സീസണായതിനാല്‍ ചെറുനാരങ്ങക്ക് ഡിമാന്‍ഡേറെയാണ്. ലഭ്യത ഇനിയും കുറഞ്ഞേക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

സാധാരണയായി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നാരങ്ങയ്ക്ക് വിലക്കയറ്റം ഉണ്ടാകാറില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്പാദനം പെട്ടെന്ന് കുറഞ്ഞത് വരുന്ന വേനല്‍ക്കാലത്ത് വലിയ വിലവര്‍ദ്ധനയ്ക്ക് കാരണമായേക്കും. വില ഉയര്‍ന്നത് ബേക്കറികളെയടക്കം പ്രതിസന്ധിയിലാക്കും. കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാര്‍ യൂണിറ്റുകള്‍ക്കും വില വര്‍ദ്ധനവ് തിരിച്ചടിയാണ്.

ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ചെറുനാരങ്ങ ഉത്പാദനത്തില്‍ മുന്നില്‍. അനുകൂലമായ കാലാവസ്ഥയും ജലസേചന സൗകര്യവും വിപുലമായ ആഭ്യന്തര വിപണിയുമാണ് ഈ മേഖലയില്‍ കൃഷി വ്യാപിക്കാന്‍ സഹായിച്ചത്. എന്നാല്‍ ചൂട് വര്‍ദ്ധിച്ചതും ക്രമരഹിതമായ മഴ, കീടബാധ എന്നിവ ഉത്പാദനത്തെ ബാധിച്ചു.

Comments (0)