കക്കട്ടിൽ ആക്രി സാധനങ്ങൾ കയറ്റിയ ലോറിയ്ക്ക് തീപ്പിടിച്ചു

കക്കട്ടിൽ: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയ്ക്ക് കക്കട്ടിൽ കെ-മാളിന് മുന്നിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
ഇലക്ട്രിക് ലൈനിൽ ലോറി തട്ടിയതിനെ തുടർന്ന് സ്പാർക്കുണ്ടാകുകയും ലോറിയിലുണ്ടായിരുന്ന ആക്രി സാധനങ്ങൾക്ക് തീപിടിക്കുകയുമായിരുന്നു. തുടർന്ന് തീ ലോറിയിലേക്കും പടർന്നു.
വിവരമറിഞ്ഞ് നാദാപുരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസെക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന ഏകദേശം 30 മിനിറ്റോളം പ്രവർത്തിച്ചാണ് തീ പൂർണമായും അണച്ചത്. റോഡിൽ വീണ് കത്തിയ ആക്രി സാധനങ്ങളും നീക്കം ചെയ്തു.
ലോറിയിൽ നിന്ന് പൊട്ടിത്തെറിച്ച് റോഡരികിലേക്ക് വീണ വസ്തുവിൽനിന്ന് സമീപത്തെ കടയുടെ വശത്ത് ഹരിതകർമസേന ശേഖരിച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനും തീപിടിച്ചിരുന്നു. ഇതും അഗ്നിരക്ഷാസേന പൂർണമായും അണച്ചു.
കയറ്റത്തിൽ നിർത്തിയിരുന്ന തീപിടിച്ച വാഹനത്തിന്റെ എയർ ടാങ്ക് പൊട്ടിയതിനെ തുടർന്ന് ലോറി നിരങ്ങി നീങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. തീ സമീപത്തെ കടകളിലേക്ക് പടരാതെ ഫയർഫോഴ്സ് സമയോചിതമായി ഇടപെട്ടു. കെ-മാളിലെ ഹൈഡ്രന്റ് പൈപ്പിൽനിന്ന് വെള്ളം ലഭിച്ചതും രക്ഷാപ്രവർത്തനത്തിന് സഹായമായി.
ലോറി സ്പാർക്കായി കത്തിയ ഉടൻ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.
രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ., സുദീപ് എസ്.ഡി., ശികിലേഷ് കെ.കെ., ലിനീഷ് മര്യാട്, രാകേഷ് പി.കെ., അഖിൽ എൻ.കെ., അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു പി. എന്നിവർ പങ്കെടുത്തു.
Comments (0)