സി.എൻ.ജി നിറയ്ക്കുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; ആളപായമില്ല, വഡോദരയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിലെ കർജന് സമീപം ദേശീയപാത 48-ൽ (NH-48) സി.എൻ.ജി നിറയ്ക്കുന്നതിനിടെ കാർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കർജൻ ടോൾ പ്ലാസയ്ക്ക് സമീപമുള്ള പെട്രോൾ, സി.എൻ.ജി പമ്പിലായിരുന്നു…
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിലെ കർജന് സമീപം ദേശീയപാത 48-ൽ (NH-48) സി.എൻ.ജി നിറയ്ക്കുന്നതിനിടെ കാർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കർജൻ ടോൾ പ്ലാസയ്ക്ക് സമീപമുള്ള പെട്രോൾ, സി.എൻ.ജി പമ്പിലായിരുന്നു സംഭവം. സി.എൻ.ജി ഗ്യാസ് നിറയ്ക്കുന്നതിനിടയിൽ സിലിണ്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഗ്യാസ് നിറയ്ക്കുന്ന സമയത്ത് കാറിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല എന്നതും ഡ്രൈവറും പമ്പിലെ ജീവനക്കാരും വാഹനത്തിൽ നിന്ന് സുരക്ഷിത അകലേക്ക് മാറിനിന്നിരുന്നതിനാലും വലിയൊരു ദുരന്തമാണ് ഒഴിവായി പോയത്. സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകരുകയും സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പ്രാദേശിക അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)