കേരള തീരത്ത് ചക്രവാതച്ചുഴി; ഇന്ന് മഴ, നാളെ ശക്തിപ്പെട്ടേക്കും

കേരള തീരത്ത് ചക്രവാതച്ചുഴി; ഇന്ന് മഴ, നാളെ ശക്തിപ്പെട്ടേക്കും

തിരുവനന്തപുരം: കേരളത്തിനു സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തിപ്പെടാൻ സാധ്യത. ഇന്ന് വിവിധ ജില്ലകളിൽ ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതൽ മഴ കൂടുതൽ ശക്തമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണം.

തെക്കൻ കേരളത്തോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ മന്നാർ കടലിടുക്ക് മുതൽ തമിഴ്നാട്, കർണാടക വഴി മധ്യമഹാരാഷ്ട്രയിലേക്ക് 0.9 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ ഇന്ന് രാത്രി വൈകിയും നാളെയും കേരളത്തിൽ മഴ വർധിക്കാൻ അനുകൂലമായ അന്തരീക്ഷ സാഹചര്യമാണുള്ളത്.

ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ രാത്രിയിലും മഴ ലഭിച്ചേക്കും.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ജില്ലകളിലാണ് ഇന്ന് ആദ്യം മഴയ്ക്ക് സാധ്യത. കാസർകോട്, കണ്ണൂർ ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴ ആരംഭിച്ചേക്കും. കണ്ണൂരിലെ ആലക്കോട് ഉൾപ്പെടെയുള്ള കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിലും കോഴിക്കോട് ജില്ലയിലെ അടിവാരം, ചെമ്പുകടവ്, വയനാട്ടിലെ മേപ്പാടി, ചൂരൽമല എന്നിവിടങ്ങളിലും ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ രാത്രിയോടെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കിഴക്കൻ മലയോര മേഖലകളിലെ അരുവികളിലും പുഴകളിലും മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Comments (0)