മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം ലഭിച്ച തുടർച്ചയായ ശക്തമായ മഴയ്ക്ക് ശമനം.രാവിലെ…

മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയ്ക്ക് ശമനം. പല പ്രദേശങ്ങളിലും ഇന്ന് മഴ കുറഞ്ഞ് വെയിൽ തെളിഞ്ഞിട്ടുണ്ട്. എങ്കിലും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ് നിലനിൽക്കുന്നു.

രാവിലെ മണിക്കൂറുകളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തിയെങ്കിലും, ഭൂരിഭാഗം പ്രദേശങ്ങളിലും ദീർഘ ഇടവേളകൾ ലഭിച്ചു. ഉച്ചവരെ പൊതുവേ മഴ കുറവായിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം പല ഭാഗങ്ങളിലും വീണ്ടും മഴ റിപ്പോർട്ട് ചെയ്യപ്പെട്ടു. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളുന്ന ഇടവിട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് രാത്രി മുതൽ പുലർച്ചെ വരെ വീണ്ടും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മഴയുടെ തീവ്രത കുറവായിരിക്കും.

അതേസമയം, ഗുജറാത്ത് മുതൽ കേരള തീരം വരെ നീണ്ടിരുന്ന ന്യൂനമർദ്ദ പാത്തി ഇപ്പോൾ വടക്കൻ കേരളം വരെയായി ചുരുങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി വടക്കൻ കേരളം, തീരദേശ കർണാടക, ദക്ഷിണ കന്നഡ മേഖലകളിൽ ഇന്ന് രാത്രിയും പുലർച്ചെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരുന്ന അതി തീവ്ര ന്യൂനമർദ്ദം ഇപ്പോൾ രാജസ്ഥാനിലേക്ക് നീങ്ങി ശക്തി കുറഞ്ഞിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ ദുർബലപ്പെടുമെന്നും, ഇതോടെ ഉത്തരേന്ത്യയിലുമുള്ള മഴ കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

അതേസമയം, തുടർച്ചയായ മഴയെ തുടർന്ന് പുഴകളിലും ജലാശയങ്ങളിലുമുള്ള ജലനിരപ്പ് ഉയർന്നതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രാദേശിക പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Comments (0)