കോഴിക്കോട് റൂറൽ പോലീസിന്റെ നേതൃത്വത്തിൽ വനിതാ സ്വയംപ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി

എടച്ചേരി: സ്ത്രീകളെയും കുട്ടികളെയും ആത്മവിശ്വാസത്തോടെ ജീവിക്കാനും അതിക്രമങ്ങൾ നേരിടുമ്പോൾ മനോവീര്യം തകരാതെ പ്രതിരോധിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് റൂറൽ സോഷ്യൽ പോലീസിങ് ഡിവിഷന്റെ നേതൃത്വത്തിൽ വനിതാ സ്വയംപ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി.
എടച്ചേരി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ സ്വയംപ്രതിരോധ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ പോലീസ് സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രെയിനർമാർക്കായി ഏകദിന റിഫ്രഷർ പരിശീലനം സംഘടിപ്പിച്ചു. വടകര ജപ്പാൻ കരാട്ടെ അസോസിയേഷനിലെ സെൻസായി ശശിധരൻ, എം.ടി. രാജേഷ് കെ.എസ്. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ ഡി.സി.ആർ.ബി. ഇൻസ്പെക്ടർ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചോമ്പാല സർക്കിൾ ഇൻസ്പെക്ടർ ഷിജു, എടച്ചേരി സബ് ഇൻസ്പെക്ടർ വിപിൻരാജ് എന്നിവർ ആശംസകൾ നേർന്നു. ജനമൈത്രി എ.ഡി.എൻ.ഒ. എ.എസ്.ഐ. രഞ്ജിഷ് നന്ദി രേഖപ്പെടുത്തി.
തുടർന്നുള്ള ദിവസങ്ങളിൽ സ്വയംപ്രതിരോധ പരിശീലനത്തിന്റെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കും. ആത്മവിശ്വാസം വർധിപ്പിക്കാനും സ്വയം സുരക്ഷിതരാകാനും ആഗ്രഹിക്കുന്ന കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ, വിവിധ ക്ലബ്ബുകൾ എന്നിവയ്ക്ക് പരിശീലന കേന്ദ്രത്തിലെ ട്രെയിനർമാരുടെ സേവനം ലഭ്യമാകും.
പരിശീലന സേവനം ലഭിക്കുന്നതിന് ബന്ധപ്പെടുക:
ഫോൺ: 9497643387, 04962517767
Comments (0)