ട്രെയിനിൽ നിന്ന് വീണ് കൊയിലാണ്ടി സ്വദേശി രാജസ്ഥാനിൽ മരിച്ചു

ട്രെയിനിൽ നിന്ന് വീണ് കൊയിലാണ്ടി സ്വദേശി രാജസ്ഥാനിൽ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ യുവാവ് രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിയഞ്ചേരി മുണ്ടാടികുനി സ്വദേശി ലിനീഷ് (44) ആണ് മരണപ്പെട്ടത്. പ്രദേശത്ത് സജീവ സാന്നിധ്യവും മികച്ച പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ലിനീഷിന്റെ മരണവാർത്ത നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.

പെയിന്റിംഗ് തൊഴിലാളിയായ ലിനീഷ് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉച്ചയോടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ലിനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജസ്ഥാനിലെ ജോധ്പൂരിലുള്ള എം.ഡി.എം (MDM) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രാത്രി മരണപ്പെട്ടത്.

അപകടവിവരം അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ജോധ്പൂർ എം.ഡി.എം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Comments (0)