പേരാമ്പ്ര ബൈപ്പാസിലെ കടകൾക്ക് രാത്രി 11 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ല; പോലീസിന്റെ അറിയിപ്പ്

പേരാമ്പ്ര ബൈപ്പാസിലെ കടകൾക്ക് രാത്രി 11 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ല; പോലീസിന്റെ അറിയിപ്പ്

പേരാമ്പ്ര: പ്രദേശത്തെ രാത്രികാല ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പേരാമ്പ്ര ടൗണിലെയും ബൈപ്പാസിലെയും കടകൾക്ക് രാത്രി 11 മണിക്ക് ശേഷം പ്രവർത്തിക്കാൻ വിലക്കേർപ്പെടുത്തി പേരാമ്പ്ര പോലീസ്. 2026 ഒക്ടോബർ 10 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് കാണിച്ച് കടയുടമകൾക്ക് പോലീസ് അറിയിപ്പ് നൽകി.

രാത്രികാലങ്ങളിൽ പേരാമ്പ്ര അങ്ങാടിയിലും ബൈപ്പാസിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ചിലർ വിവിധ കാരണങ്ങളാൽ സംഘങ്ങളായി തിരിഞ്ഞ് കലഹങ്ങളിലും അക്രമസംഭവങ്ങളിലും ഏർപ്പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായും അറിയിപ്പിൽ പറയുന്നു.

അതേസമയം, പേരാമ്പ്ര ബൈപ്പാസ് ഇന്ന് രാത്രികാലങ്ങളിൽ ഭക്ഷണപ്രിയരുടെ പ്രധാന ഇടമായി മാറിയിട്ടുണ്ട്. ഇരുപതിലധികം കടകൾ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഇവിടെ ചായ കുടിക്കാനും വിവിധതരം പലഹാരങ്ങളും ഭക്ഷണവിഭവങ്ങളും ആസ്വദിക്കാനുമായി നിരവധി പേരാണ് എത്തുന്നത്. ബൈപ്പാസ് എന്നതിലുപരി, രാത്രിയിൽ സജീവമാകുന്നൊരു 'ചായ്പാസ്' എന്ന വിശേഷണവും ഈ മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്.

വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകൾക്ക് ഇഷ്ടാനുസരണം ചായയും പലഹാരങ്ങളും മറ്റ് ഭക്ഷണവിഭവങ്ങളും ലഭിക്കുന്നതിനാൽ പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്കും ഈ രാത്രികാല സജീവത ഏറെ പ്രധാനമാണ്. എന്നാൽ, രാത്രിയിൽ നടക്കുന്ന സംഘർഷങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കേണ്ടത് പോലീസിന് വലിയ വെല്ലുവിളിയാണ്.

പുതിയ അറിയിപ്പ് നടപ്പിലാകുന്നതോടെ രാത്രി 11 മണിക്ക് ശേഷം പേരാമ്പ്ര ബൈപ്പാസിലെയും ടൗണിലെയും ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള കടകൾ അടച്ചിടേണ്ടിവരും. ഇത് രാത്രികാല ഭക്ഷണവ്യാപാരത്തെയും അവിടെ എത്തുന്ന ഉപഭോക്താക്കളെയും എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.

ക്രമസമാധാനം ഉറപ്പാക്കാനുള്ള പോലീസിന്റെ നടപടിയും രാത്രികാല വ്യാപാരികളുടെ ഉപജീവനവും ഒരുപോലെ ചർച്ചയാകുന്ന സാഹചര്യമാണ് പേരാമ്പ്രയിലുള്ളത്.

Comments (0)