ഉത്തർപ്രദേശിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വാഹനാപകടങ്ങൾ; ആറ് അപകടങ്ങളിലായി 17 മരണം, 55 പേർക്ക് പരിക്ക്

​ലഖ്‌നൗ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഉത്തർപ്രദേശിൽ തിങ്കളാഴ്ചയുണ്ടായ ആറ് വ്യത്യസ്ത വാഹനാപകടങ്ങളിൽ 17 പേർ മരണപ്പെട്ടു. അപകടങ്ങളിൽ 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞും അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് കാഴ്ചപരിധി…


​ലഖ്‌നൗ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഉത്തർപ്രദേശിൽ തിങ്കളാഴ്ചയുണ്ടായ ആറ് വ്യത്യസ്ത വാഹനാപകടങ്ങളിൽ 17 പേർ മരണപ്പെട്ടു. അപകടങ്ങളിൽ 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞും അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതുമാണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.​മുസാഫർനഗറിലുണ്ടായ അപകടത്തിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഡിവൈഡറിലും വൈദ്യുതത്തൂണിലും ഇടിച്ച് മറിഞ്ഞ കാറിന് തീപിടിച്ചതിനെ തുടർന്ന് ആറ് യുവാക്കൾ വെന്തുമരിക്കുകയായിരുന്നു. പാനിപ്പത്ത്-ഖതിമ ഹൈവേയിൽ പുലർച്ചെ 4.50നായിരുന്നു അപകടം. ഹരിയാനയിലെ ഹിസാർ സ്വദേശികളായ രാഹുൽ (22), അങ്കിത് (21), സാഹിൽ (22), അജയ് (22), അങ്കിത് (22), അമൻ (19) എന്നിവരാണ് മരിച്ചത്. ഹരിദ്വാറിലേക്ക് പോകുകയായിരുന്നു സംഘം. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.​ചിത്രകൂടിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള തീർഥാടക സംഘം സഞ്ചരിച്ച ട്രാക്ടറിന്റെ ഹുക്ക് വേർപെട്ട് ട്രോളി മറിയുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരുടെ നില ഗുരുതരമാണ്.​ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാർ ഛപ്ര സ്വദേശികളായ ശങ്കർ റജ്ജക് (63), ശാംലി റായ് (43) എന്നിവരെ തിരിച്ചറിഞ്ഞു. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.​ഷാജഹാൻപുരിൽ ഗംഗ എക്‌സ്പ്രസ് വേയിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങി പരിശോധന നടത്തുകയായിരുന്ന കണ്ടക്ടർ വിപിൻ യാദവ് (50), സഹായി കൗശൽ (35) എന്നിവർ ട്രക്കിടിച്ച് മരിച്ചു. ലഖ്‌നൗവിൽ ഇരുചക്രവാഹനത്തിൽ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ 22 കാരനായ ദീപാൻഷു റാവത്ത് മരണപ്പെടുകയും 17 കാരന് പരിക്കേൽക്കുകയും ചെയ്തു. മുസാഫർനഗറിലെ സൻജക് ഗ്രാമത്തിന് സമീപം ബസിടിച്ച് 15 കാരൻ മരണപ്പെടുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Comments (0)