ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ മുക്കില്‍ അപകടം തുടര്‍ക്കഥ; ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Accident Highway Rickshaw ചക്കിട്ടപാറ: പാത അശാസ്ത്രീയമായി നിര്‍മ്മിച്ചതിനാല്‍ അപകടം തുടര്‍ക്കഥയാകുന്നു. പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേയുടെ പിള്ളപ്പെരുവണ്ണ മുക്കിലാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ…
Accident Highway Rickshaw
ചക്കിട്ടപാറ: പാത അശാസ്ത്രീയമായി നിര്‍മ്മിച്ചതിനാല്‍ അപകടം തുടര്‍ക്കഥയാകുന്നു. പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേയുടെ പിള്ളപ്പെരുവണ്ണ മുക്കിലാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ ബാലുശേരി ഭാഗത്ത് നിന്നെത്തിയ ഓട്ടോറിക്ഷ ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റു.
അപകടം കണ്ട നാട്ടുകാര്‍ ഓടിയെത്തി ഓട്ടോറിക്ഷ നേരെയാക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കുത്തനെ കയറ്റവും ഇറക്കവും വളവുമുള്ള ഭാഗമാണിത്. ഇവിടെ റോഡിന് വീതി കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് വളവില്‍ വെച്ച് എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് അപകടസാധ്യത ഏറെ വര്‍ദ്ധിപ്പിക്കുന്നു. സ്ഥലം യഥേഷ്ടമുണ്ടെങ്കിലും സ്വാധീനമുള്ള സ്വകാര്യ വ്യക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി വീതി കുറച്ച് പാത നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് മുമ്പേ തന്നെ നാട്ടുകാരുടെ ആരോപണം.
റോഡ് നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചില്ലെന്ന് അവര്‍ പറയുന്നു. ഇതിന്റെ ഫലം ഇന്ന് നിരന്തരമായ അപകടങ്ങളായി മാറിയിരിക്കുകയാണ്. എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനം വീതി കുറഞ്ഞ ഭാഗത്ത് റോഡിന്റെ മറുഭാഗം കൂട്ടി എടുക്കുമ്പോള്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവിടെ അപകടം സംഭവിക്കുന്നത്. വീതി കുറഞ്ഞ ഭാഗത്ത് രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഒരു വാഹനം വശത്തേക്ക് ഒതുങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയാണ് ചെയ്യുന്നത്. ഇവിടെ ഇതിനോടകം നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ഓട്ടോറിക്ഷകളും കാറുകളും വരെ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡ് വീതി കൂട്ടി അശാസ്ത്രീയ നിര്‍മ്മാണം തിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം നടക്കുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും, വളവ് നിവര്‍ത്തി റോഡ് സുരക്ഷിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Accident Highway Rickshaw
Comments (0)