സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്കേറ്റു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി…

റിയാദ്: സൗദി അറേബ്യയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്കേറ്റു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.

അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്, അഞ്ച് സൗദി പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. റിയാദ് വിമാനത്താവളത്തിന് നേരെ ഡ്രോണുകളും അബഹ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സരീഅ അവകാശപ്പെട്ടു.

ആക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് ചില ഭൗതിക നാശനഷ്ടങ്ങളുണ്ടായതായും സുരക്ഷാ ഏജൻസികളുമായി ചേർന്ന് പരിശോധന നടത്തിവരികയാണെന്നും സൗദി വ്യോമയാന അതോറിറ്റി അറിയിച്ചു.

സംഭവത്തെ തുടർന്ന് റിയാദിലെ യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. യെമനിൽ സൗദി പിന്തുണയുള്ള സർക്കാർ സേനയും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള സംഘർഷം ജൂലൈയിൽ വീണ്ടും രൂക്ഷമായതിന് പിന്നാലെയാണ് ആക്രമണം.

Comments (0)