പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം; നാല് ഇന്ത്യക്കാർക്ക് പരിക്ക്

ദുബൈ / ന്യൂഡൽഹി: പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം നാല് പേർക്ക് പരിക്ക്. കപ്പലിലുള്ള അഞ്ച് ഇന്ത്യക്കാർ അടക്കം ജീവനക്കാർ സുരക്ഷിതർ. പരിക്കേറ്റ ഇന്ത്യക്കാരനെ ചികിത്സയ്ക്കായി കരയിലേക്ക് മാറ്റി.…

ദുബൈ / ന്യൂഡൽഹി: പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം നാല് പേർക്ക് പരിക്ക്. കപ്പലിലുള്ള അഞ്ച് ഇന്ത്യക്കാർ അടക്കം ജീവനക്കാർ സുരക്ഷിതർ. പരിക്കേറ്റ ഇന്ത്യക്കാരനെ ചികിത്സയ്ക്കായി കരയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.

ലൈബീരിയൻ പതാക വഹിച്ച എണ്ണക്കപ്പലിന് നേരെയാണ് പ്രൊജക്ടൈൽ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. എം.ടി. ഫുജൈറ എനർജി എന്ന കപ്പൽ റുവൈസിൽ നിന്ന് ദുബൈയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് മന്ത്രി ബുധനാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കപ്പലിൽ ആറ് ഇന്ത്യൻ നാവികരാണുണ്ടായിരുന്നത്.

കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ സുരക്ഷിതരാണെന്നും അവരെല്ലാം അധികൃതരുടെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. അഞ്ച് ഇന്ത്യൻ നാവികരും ഇവരിൽ ഉൾപ്പെടുന്നു. നാവികരുടെ സുരക്ഷ, ചികിത്സ, ക്ഷേമം എന്നിവ ഉറപ്പാക്കാൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സോനോവാൾ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. വാണിജ്യ കപ്പലുകൾക്കും ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ നിയമപരമായും ധാർമികമായും ന്യായീകരിക്കാനാകാത്തതാണെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments (0)