വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിന് ഇരട്ടി തുക
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 21 ലക്ഷമാക്കി ഉയർത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 100 ശതമാനം വർധിപ്പിക്കാനും തീരുമാനമായി. 50 ശതമാനമാണ്…
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 21 ലക്ഷമാക്കി ഉയർത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 100 ശതമാനം വർധിപ്പിക്കാനും തീരുമാനമായി. 50 ശതമാനമാണ് മരണ നഷ്ടപരിഹാരത്തിലെ വർധന. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിതെന്നും വനംവകുപ്പ് അറിയിച്ചു.
പുതിയ പരിഷ്കാരപ്രകാരം വലിയ മാറ്റമാണ് കൃഷിനാശ നഷ്ടപരിഹാരത്തിൽ വരുത്തുന്നത്. ഇതുവരെ മരം നശിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളൂ. ഇനി മരത്തിന് കേടുപാടില്ലാതെ തേങ്ങ, ഇളനീര്, കൊക്കോ, അടയ്ക്ക, പച്ചക്കറി തുടങ്ങിയ വിളകൾ മാത്രം കുരങ്ങ്, മലയണ്ണാൻ, കാട്ടുപന്നി, മയിൽ എന്നിവ നശിപ്പിച്ചാലും നഷ്ടപരിഹാരം ലഭിക്കും. തെങ്ങ്, വാഴ, കപ്പ, കൊക്കോ, കവുങ്ങ്, റബർ ഉൾപ്പെടെ 21 വിളകളെ പട്ടികയിൽ ഉൾപ്പെടുത്തും. നശിച്ച വിളയുടെ അളവും വിപണി മൂല്യവും കണക്കാക്കിയാകും തുക നൽകുക.
പാമ്പ്, തേനീച്ച, കടന്നൽ ഒഴികെയുള്ള ആന, കടുവ, പുലി, കാട്ടുപോത്ത്, കരടി ആക്രമണങ്ങളിൽ മരിച്ചാൽ 21 ലക്ഷമാണ് ലഭിക്കുക. പാമ്പ്, തേനീച്ച, കടന്നൽ ആക്രമണത്തിൽ മരിച്ചാൽ നൽകുന്ന 4 ലക്ഷം 6 ലക്ഷമാക്കും. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം ഉണ്ടായാൽ 2 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായും 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യമുണ്ടായാൽ 2.5 ലക്ഷത്തിൽ നിന്ന് 3.75 ലക്ഷമായും ഉയർത്താനും ശുപാർശയുണ്ട്. പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായവും വർധിപ്പിക്കും. പരിഷ്കരിച്ച ഉത്തരവ് വനംവകുപ്പ് ഉടൻ പുറത്തിറക്കുമെന്നും തുക കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Comments (0)