ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്: അത്തോളി സ്വദേശിക്ക് 3.40 ലക്ഷം രൂപ നഷ്ടം

Credicard scam

ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്: അത്തോളി സ്വദേശിക്ക് 3.40 ലക്ഷം രൂപ നഷ്ടം

കോഴിക്കോട്: അത്തോളി സ്വദേശിയായ യുവാവിന്റെ ക്രഡിറ്റ് കാര്‍ഡില്‍നിന്ന് 3.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അത്തോളി സ്വദേശി വിനോദിനാണ് പണം നഷ്ടമായത്. സിബില്‍ സ്‌കോര്‍ കുറഞ്ഞതായി പറഞ്ഞുള്ള വാട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമായത്.

വിനോദിന്റെ പരാതിപ്രകാരം, തുടര്‍ന്ന് ‘എസ്.ബി.ഐ എ.പി.കെ’ എന്ന പേരില്‍ ഒരു ഫയല്‍ വാട്‌സ്ആപ്പിലൂടെ ലഭിച്ചു. കാര്‍ ഓടിക്കുന്നതിനിടെ ശ്രദ്ധിക്കാതെ ഫയല്‍ തുറന്നതോടെയാണ് തട്ടിപ്പ് നടന്നത്. ഫയല്‍ തുറന്നതിന് പിന്നാലെ തന്നെ ക്രഡിറ്റ് കാര്‍ഡില്‍നിന്ന് വലിയ തുക പിന്‍വലിക്കപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

ഒരുലക്ഷം രൂപ ലിമിറ്റുള്ള ക്രഡിറ്റ് കാര്‍ഡില്‍നിന്ന് ഇത്രയും തുക നഷ്ടമായത് ശ്രദ്ധയില്‍പെട്ടതോടെ വിനോദ് ബാങ്കുമായി ബന്ധപ്പെട്ടു. ബാങ്കില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച്, കാര്‍ഡിന്റെ ലിമിറ്റ് വര്‍ധിപ്പിക്കാന്‍ അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലിമിറ്റ് ഉയര്‍ത്തിയതെന്ന് അറിയിച്ചു. എന്നാല്‍ താന്‍ ഇത്തരത്തിലുള്ള യാതൊരു അപേക്ഷയും നല്‍കിയിട്ടില്ലെന്നും, തട്ടിപ്പുകാര്‍ വ്യാജമായി അപേക്ഷ നല്‍കിയതാണെന്നും വിനോദ് ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സൂചന: അപരിചിത നമ്പറുകളില്‍നിന്നുള്ള കോളുകള്‍ വഴിയും സംശയാസ്പദമായ ഫയലുകള്‍ വഴിയും നടക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍നിന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags: #creditcardscam

Comments (0)