വടകര –പുതുപ്പണം ഹൈവേയിൽ 40 കിലോലിറ്റർ എത്തനോളുമായി ടാങ്കർ; പുക ഉയർന്നത് പരിഭ്രാന്തിയുണ്ടാക്കി

വടകര–പുതുപ്പണം ഹൈവേയിൽ ഏകദേശം 40 കിലോലിറ്റർ എത്തനോൾ കയറ്റിയ ടാങ്കർ ലോറിയിൽ നിന്ന് അമിതമായി പുക ഉയർന്നത് ആശങ്കയ്ക്കിടയാക്കി.
മഹാരാഷ്ട്രയിലെ ലാതൂരിൽ നിന്ന് കൊച്ചിയിലേക്ക് എത്തനോൾ ലോഡുമായി പോകുകയായിരുന്ന ടാങ്കർ ലോറി കഴിഞ്ഞ രാത്രി ബ്രേക്ക്ഡൗണായതിനെ തുടർന്ന് നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനം സർവീസ് ചെയ്യുന്നതിനായി എത്തിയ മെക്കാനിക്ക് ടാങ്കർ സ്റ്റാർട്ട് ചെയ്ത് പരിശോധിക്കുന്നതിനിടെയാണ് അമിതമായി പുക ഉയർന്നത്.
ഓയിൽ അമിതമായി ചൂടായതിനെ തുടർന്നാണ് സൈലൻസർ ഭാഗത്തുകൂടി പുക ഉയർന്നതെന്നാണ് പ്രാഥമിക വിവരം.
വാഹനത്തിൽ വലിയ അളവിൽ ജ്വലനശേഷിയുള്ള എത്തനോൾ ഉണ്ടായിരുന്നതിനാൽ വിവരം ലഭിച്ചതിനെ തുടർന്ന് വടകര ഫയർ സ്റ്റേഷനിലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് സ്ഥലത്തെത്തിയത്.
എന്നാൽ വാഹനത്തിന് തീപിടിച്ചിരുന്നില്ല. ഓയിൽ ചോർന്ന പ്രദേശങ്ങളിൽ മണൽ വിതറി തീപിടിത്തത്തിനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളാണ് ഫയർഫോഴ്സ് സ്വീകരിച്ചത്. ഇതോടെ വലിയ അപകടസാധ്യത ഒഴിവാക്കാനായി.
അതേസമയം, ഇത്രയും വലിയ അളവിൽ എത്തനോൾ കൊണ്ടുപോകുന്ന വാഹനത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചോദ്യങ്ങളും ഉയരുന്നുണ്ട്. വാഹനത്തിൽ അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കുന്ന ട്രാൻസ്പോർട്ട്/എമർജൻസി കാർഡ് ഉണ്ടായിരുന്നില്ലെന്നാണ് ഫയർഫോഴ്സ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. ഡ്രൈവറുടെ ആവശ്യമായ പരിശീലനം സംബന്ധിച്ച കാര്യങ്ങളിലും പരിശോധന ആവശ്യമാണ്.
സംഭവത്തിൽ തീപിടിത്തമുണ്ടായിട്ടില്ല. സമയോചിതമായ ഫയർഫോഴ്സ് ഇടപെടലിലൂടെ തീപിടിത്തത്തിനുള്ള സാധ്യതകൾ ഒഴിവാക്കുകയായിരുന്നു.
Comments (0)