ദേശീയപാത 66 നിർമ്മാണത്തിലെ വീഴ്ച: കരാർ കമ്പനിക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകി – ഷാഫി പറമ്പിൽ എം.പി.
വടകര: ദേശീയപാത 66-ലെ അഴിയൂർ – വെങ്ങളം റീച്ചിൽ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ രൂക്ഷമായ യാത്രാദുരിതവും സംബന്ധിച്ച് ഷാഫി പറമ്പിൽ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചു.…
വടകര: ദേശീയപാത 66-ലെ അഴിയൂർ – വെങ്ങളം റീച്ചിൽ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ രൂക്ഷമായ യാത്രാദുരിതവും സംബന്ധിച്ച് ഷാഫി പറമ്പിൽ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിർമ്മാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നൽകാനും, വീഴ്ച തുടർന്നാൽ കരാർ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാനും കേന്ദ്രമന്ത്രി എൻ.എച്ച്.എ.ഐ അംഗങ്ങൾക്കും ചെയർമാനും നിർദ്ദേശം നൽകി.
വടകരയിലെ രൂക്ഷമായ യാത്രാ ദുരിതം, സർവീസ് റോഡുകളുടെ തകർച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചിൽ, റോഡിലെ കുഴികൾ എന്നിവ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എം.പി കേന്ദ്രമന്ത്രിക്ക് മുന്നിൽ നേരിട്ട് കാണിച്ചു. നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും സമയബന്ധിതമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെന്നും ചെറിയ കാര്യങ്ങളിൽ പോലും അനന്തമായ കാലതാമസം നേരിടുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യാത്രാദുരിതം തുടരുന്നത് നീതിനിഷേധവും വെല്ലുവിളിയുമാണെന്ന് ഷാഫി പറമ്പിൽ എം.പി മന്ത്രിയെ ധരിപ്പിച്ചു.
തുടർന്ന് വിഷയം ഏറെ ഗൗരവത്തോടെ കണ്ട കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, എൻ.എച്ച്.എ.ഐ ന്റെ, കേരളത്തിന്റെ ചുമതലയുള്ള അംഗത്തെ ഉച്ചയ്ക്ക് 12:30-ഓടെ ഓഫീസിലേക്ക് നേരിട്ടു വിളിച്ചുവരുത്തുകയും, ചെയർമാനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ജനങ്ങളെ ഇനിയും പ്രയാസപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ജനങ്ങളുടെ യാത്രാദുരിതം തുടരുകയാണെങ്കിൽ അദാനി ഗ്രൂപ്പിനെ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നത് ആലോചിക്കേണ്ടി വരുമെന്ന സന്ദേശം കമ്പനിക്ക് നൽകാൻ ഉത്തരവിട്ടു.
കഴിഞ്ഞദിവസം എം.പി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അഴിയൂർ – വെങ്ങളം റീച്ചിൽ തൽസ്ഥിതി വിലയിരുത്താൻ എൻ.എച്ച്.എ.ഐ ചെയർമാന്റെ നിർദ്ദേശപ്രകാരം ഇന്നലെ പരിശോധന നടന്നതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ഈ പരിശോധനയുടെയും നിലവിലെ പ്രവൃത്തികളുടെയും കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി നൽകിയ റോഡിന്റെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ എൻ.എച്ച്.എ.ഐ ചെയർമാനും ഉദ്യോഗസ്ഥർക്കും കൈമാറാനും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ച് കൃത്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ കരാർ കമ്പനിയെ പ്രവൃത്തിയിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന കർശനമായ മുന്നറിയിപ്പാണ് എം.പിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നൽകിയിരിക്കുന്നത്.
;
The post ദേശീയപാത 66 നിർമ്മാണത്തിലെ വീഴ്ച: കരാർ കമ്പനിക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകി – ഷാഫി പറമ്പിൽ എം.പി. appeared first on.
Comments (0)