ചാരായം വാറ്റി വിൽപ്പന; 76,340 രൂപയും മദ്യവും പിടിച്ചെടുത്തു; പ്രതി റിമാൻഡിൽ

ചാരായം വാറ്റി വിൽപ്പന; 76,340 രൂപയും മദ്യവും പിടിച്ചെടുത്തു; പ്രതി റിമാൻഡിൽ

കോഴിക്കോട്: ചാരായം വാറ്റി വിൽപ്പന നടത്തിയ കേസിൽ ഉള്ളൂർ സ്വദേശിയെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂർ ആമ്പത്ത് മീത്തൽ സ്വദേശി സെൽവരാജ് (48) ആണ് അറസ്റ്റിലായത്.

ഒക്ടോബർ 28ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അത്തോളി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽനിന്ന് ചാരായവും വാഷും ഇന്ത്യൻ നിർമിത വിദേശമദ്യവും പണവും പിടിച്ചെടുത്തത്.

ചാരായത്തിന് പുറമെ 50 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് കാനിൽ വാറ്റുന്നതിനായി തയ്യാറാക്കി വെച്ച വാഷ്, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം, മദ്യവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 76,340 രൂപ എന്നിവയാണ് പിടിച്ചെടുത്തത്.

തുടർന്ന് സെൽവരാജിനെ അറസ്റ്റ് ചെയ്ത് അബ്കാരി നിയമപ്രകാരം കേസെടുത്തു. പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-II-ൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

അത്തോളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എസ്.ഐ. ഹരിദേവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ. സിയാദ് സി.പി., സി.പി.ഒമാരായ ബിനീഷ്, ബൈജു, എസ്.സി.പി.ഒമാരായ അഭിലാഷ്, ഷിബിൽ, എ.എസ്.ഐമാരായ രജീഷ്, ഷീബ എന്നിവർ പങ്കെടുത്തു. ബാലുശ്ശേരി സി.ഐ. റഫീഖ് പി. പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു.

Comments (0)