Kerala Rain Alert: ഓറഞ്ച് അലർട്ട് ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും, ഉയർന്ന തിരമാല, തീരദേശത്ത് കർശന ജാഗ്രത
updated by admin
ഓറഞ്ച് അലർട്ട് ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും, ഉയർന്ന തിരമാല, തീരദേശത്ത് കർശന ജാഗ്രത ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് വൈകിട്ട് 4.00 മുതൽ 4.30 വരെ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങും. ജനങ്ങൾ ഇത് ദുരന്ത മുന്നറിയിപ്പിന്റെ ഭാഗമായുള്ള പരിശീലന-ജാഗ്രത സംവിധാനമായി കണക്കാക്കി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതിനിടെ പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൂടി ഇന്ന് (ജൂലൈ 8) ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന തിരമാല; തീരദേശത്ത് ജാഗ്രത (High Wave Alert) ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ് പ്രകാരം കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ ജൂലൈ 9 ഉച്ചയ്ക്ക് 2.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും (Sea Surge) സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമായാൽ മാറി താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ബീച്ചുകളിലും കടലിലും നിയന്ത്രണം ഉയർന്ന തിരമാലയും കള്ളക്കടൽ (Swell Surge) പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്നും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി ഹാർബറുകളിൽ കെട്ടിയിടണമെന്നും നിർദേശിച്ചു. മത്സ്യബന്ധനത്തിന് വിലക്ക് (Fishing Ban) കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 8, 9 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിൽ ശക്തമായ കാറ്റ് (Strong Wind Warning) ജൂലൈ 8 മുതൽ 12 വരെ മധ്യ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം, കൊങ്കൺ–ഗോവ, ലക്ഷദ്വീപ് മേഖല, സൊമാലിയ, ഒമാൻ തീരങ്ങൾ, ആൻഡമാൻ കടൽ, തെക്കൻ-മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ കാലയളവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. English Summary : An Orange Alert has been issued for Palakkad, Kannur, and Kasaragod districts due to heavy rainfall predictions.
Residents in these districts will hear the KaWaCHaM disaster warning sirens between 4:00 PM and 4:30 PM today as part of a mock safety drill.
Comments (0)