കുട്ടികളുടെ സൈബർ സുരക്ഷ: കോഴിക്കോട് റൂറലിൽ ‘Kids Glove’ പദ്ധതിക്ക് തുടക്കം

കുട്ടികളുടെ സൈബർ സുരക്ഷ: കോഴിക്കോട് റൂറലിൽ ‘Kids Glove’ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കുട്ടികൾക്ക് സൈബറിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘Kids Glove’ പദ്ധതിക്ക് കോഴിക്കോട് റൂറൽ ജില്ലയിൽ തുടക്കമായി. ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങ് വടകര എം.എൽ.എ. കെ.കെ. രമ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 22 വിദ്യാർത്ഥികൾക്ക് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്. സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത്, അഡീഷണൽ എസ്.പി. പ്രദീപ് കുമാർ, സൈബർ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സൈബർ ക്യാപ്റ്റൻ, മോഡൽ യുണൈറ്റഡ് നേഷൻസ്, മെന്റൽ ഹെൽത്ത് ഫസ്റ്റ് റെസ്പോണ്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. അഭിമുഖവും പരീക്ഷയും ഉൾപ്പെടെയുള്ള നടപടികളിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്ടോബർ 7, 8 തീയതികളിൽ കൊച്ചി ബോൾഗാട്ടി പാലസിൽ ‘Kokoon 2026’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന Kids Glove Summit-ൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംസ്ഥാനത്തെ വിവിധ പോലീസ് ജില്ലകളിൽ നിന്നായി ഏകദേശം 600 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും.

വിദ്യാർത്ഥികളിൽ സൈബർ ബോധവൽക്കരണം വർധിപ്പിക്കുകയും സൈബർ ഭീഷണികളെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൈബർ ഭീഷണികൾ, ഓൺലൈൻ ചൂഷണം, സൈബർ അധിക്ഷേപം, വ്യാജവാർത്തകൾ, ഗെയിം അടിമത്തം തുടങ്ങിയ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള പരിശീലനവും ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി നൽകും.

ഓൺലൈൻ ഭീഷണികളെ എങ്ങനെ നേരിടാം, വ്യക്തിഗത സ്വകാര്യത എങ്ങനെ സംരക്ഷിക്കാം, തെറ്റായതും അപകടകരവുമായ ഉള്ളടക്കങ്ങൾ തിരിച്ചറിഞ്ഞ് ഒഴിവാക്കാം, ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സൈബർ പോലീസിന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

സൈബർ ഓപ്പറേഷൻസ് എസ്.പി. അങ്കിത്ത് അശോകനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. വിവിധ പോലീസ് ജില്ലകളിൽ പദ്ധതിയുടെ ഏകോപനം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Comments (0)