മാവൂരിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ഗുരുതര അപകടം. മാവൂർ പാറമ്മലിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ഇന്നോവ കാർ പാഞ്ഞുകയറി പാറമ്മലിലെ 'ബിസ്മി ബുക്ക്സ്റ്റാൾ' എന്ന സ്ഥാപനം…

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ഗുരുതര അപകടം. മാവൂർ പാറമ്മലിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ഇന്നോവ കാർ പാഞ്ഞുകയറി പാറമ്മലിലെ 'ബിസ്മി ബുക്ക്സ്റ്റാൾ' എന്ന സ്ഥാപനം പൂർണ്ണമായും തകർന്നു. അപകടത്തിൽ കട ഉടമയ്ക്കും ഒരു കാൽനടയാത്രക്കാരനും കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്നും മാവൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ ബിസ്മി ബുക്ക്സ്റ്റാളിലേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കട ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.

അപകടത്തിൽ കടയുടമ പി.ടി. മുഹമ്മദിന് പരിക്കേറ്റു. ഈ സമയത്ത് കടയ്ക്ക് മുന്നിലൂടെ നടന്നുപോവുകയായിരുന്ന വായോളി അഹമ്മദ് എന്ന കാൽനടയാത്രക്കാരനും കാറിടിച്ച് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ എം.കെ സ്റ്റോഴ്സിലെ ജീവനക്കാരനായ അഹമ്മദ്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

കടയിലേക്ക് ഇടിച്ചുകയറിയ കാർ റോഡിൽ തലകീഴായി മറിഞ്ഞു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ച ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കടയുടമ മുഹമ്മദിന്റെയും കാൽനടയാത്രക്കാരൻ അഹമ്മദിന്റെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ മാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)