കോഴിക്കോട് റൂറൽ പോലീസിൽ ‘അഭിനന്ദന ദിനം പരിപാടി ’; മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ ആദരിച്ചു


കോഴിക്കോട്: വിവിധ സാഹചര്യങ്ങളിൽ ധീരതയും ജാഗ്രതയും മാനവികതയും പ്രകടിപ്പിച്ച് മാതൃകാപരമായ സേവനം കാഴ്ചവെച്ച കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ‘അഭിനന്ദന ദിനം’ സംഘടിപ്പിച്ചാണ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനപത്രങ്ങൾ വിതരണം ചെയ്തത്.
സെപ്റ്റംബർ 28ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ട്രെയിനിങ് സെന്ററിൽ നടന്ന പരിപാടിയിൽ ഈ മാസം മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കാണ് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനപത്രം നൽകിയത്.
സംശയാസ്പദമായ വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുന്നതിൽ നിർണായക ഇടപെടൽ നടത്തിയ എടച്ചേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ണി, മയക്കുമരുന്ന് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച കൊയിലാണ്ടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കിരൺ എന്നിവരും പുരസ്കാരത്തിന് അർഹരായി.
തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായി രക്ഷപ്പെടുത്തി ജീവൻ സംരക്ഷിച്ച കോടഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് കെ.സി., എ.എസ്.ഐ ജിനേഷ് കുര്യൻ, എസ്.സി.പി.ഒ ഡിനു ബേബി, സി.പി.ഒ അഖിലേഷ് യു.വി. എന്നിവരെയും ആദരിച്ചു.
പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെയും കൈക്കുഞ്ഞിനെയും ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയും യുവതിക്ക് ആവശ്യമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുകയും ചെയ്ത കൊടുവള്ളി സ്റ്റേഷനിലെ എ.എസ്.ഐ രതീഷ് കുമാർ, സി.പി.ഒ ബിജിനി, സി.പി.ഒ ബബീഷ് കെ.കെ. എന്നിവരും അഭിനന്ദനപത്രത്തിന് അർഹരായി.
ഡി.വൈ.എസ്.പി (സ്പെഷ്യൽ ബ്രാഞ്ച്) ജി. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി (കൺട്രോൾ റൂം, വടകര) രമേശൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് അഭിനന്ദനപത്രങ്ങൾ വിതരണം ചെയ്തു.
എ.എസ്.പി പേരാമ്പ്ര ആരതി ഐ.പി.എസ്., ഡി.വൈ.എസ്.പി വടകര ബിജു കെ.കെ., ഡി.വൈ.എസ്.പി നാദാപുരം മനോജ് പി.എം., ഡി.വൈ.എസ്.പി താമരശ്ശേരി ബോസ് കെ.എ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ.പി. സ്പെഷ്യൽ ബ്രാഞ്ച്, കോഴിക്കോട് റൂറൽ ശ്രീകുമാർ നന്ദി രേഖപ്പെടുത്തി. പോലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Comments (0)