പേരാമ്പ്ര മരക്കാടി തോട്ടിൽ ചുവന്ന വെള്ളമൊഴുക്ക്; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

പേരാമ്പ്ര മരക്കാടി തോട്ടിൽ ചുവന്ന വെള്ളമൊഴുക്ക്; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കിണറുകളിലെ കുടിവെള്ള മലിനീകരണ ഭീതിയിൽ നാട്ടുകാർ; തോട്ടിലെയും കിണറുകളിലെയും വെള്ളം പരിശോധിക്കണം

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടി തോട്ടിലൂടെ ചുവന്ന നിറത്തിലുള്ള വെള്ളം ഒഴുകിയ സംഭവത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ചുവന്ന വെള്ളത്തിന്റെ ഒഴുക്ക് അരമണിക്കൂറിലധികം നീണ്ടുനിന്നതായി നാട്ടുകാർ പറയുന്നു. വെള്ളത്തിന്റെ നിറം മാറിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

തോട്ടിന് സമീപത്തെ വീടുകളിലെ കിണറുകളിലെ കുടിവെള്ളം മലിനമാകാനുള്ള സാധ്യതയാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. തോട്ടിലെ വെള്ളത്തിന്റെയും സമീപത്തെ കിണറുകളിലെയും സാമ്പിളുകൾ ശേഖരിച്ച് അടിയന്തരമായി ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതിന് മുമ്പും തോട്ടിലൂടെ കറുത്ത നിറത്തിലുള്ള വെള്ളം ഒഴുകിയിരുന്നതായും അന്ന് മത്സ്യങ്ങളും പാമ്പുകളും ചത്തുപൊങ്ങിയതായും നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ മത്സ്യ മാർക്കറ്റിൽനിന്ന് മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ നിലവിലെ സംഭവത്തിന്റെ ഉറവിടം ഇതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മലിനീകരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ കുടിവെള്ളസുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Comments (0)