വീടിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം; രണ്ട് പേർ പിടിയിൽ

വീടിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം; രണ്ട് പേർ പിടിയിൽ

കിഴക്കൻ പേരാമ്പ്ര: ആളൊഴിഞ്ഞ വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ രാജ് (28), മേമണ്ണിൽ മീത്തൽ വീട്, പെരുവണ്ണാമൂഴി, മുസ്തഫ (43), പാറയിൽ വീട്, കൂരാച്ചുണ്ട് എന്നിവരാണ് അറസ്റ്റിലായത്.

2026 ആഗസ്റ്റ് 9നും 10നും ഇടയിലാണ് കിഴക്കൻ പേരാമ്പ്രയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം നടന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം അലമാരകളും മറ്റും തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതായാണ് പരാതി.

കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഭവസ്ഥലത്തെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ആഗസ്റ്റ് 10ന് പുലർച്ചെ വീടിന് ഏകദേശം 100 മീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള താൽക്കാലിക ബസ് സ്റ്റോപ്പിന് സമീപം ഒരു കാർ എത്തി നിർത്തുന്നതും, കാറിൽ നിന്നിറങ്ങിയ രണ്ടുപേർ വീട്ടിലേക്ക് നടന്ന് പോകുന്നതും പിന്നീട് കാറിൽ തിരിച്ചെത്തി സ്ഥലത്തുനിന്ന് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി.

തുടർന്ന് കാർ സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനു ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

Comments (0)