കലയുടെ ആരവങ്ങൾക്ക് കൊടിയിറക്കം; കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് സമാപനം

കലയുടെ ആരവങ്ങൾക്ക് കൊടിയിറക്കം; കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് സമാപനം
പാലേരി: ആരോഗ്യകരമായ മത്സരവീര്യത്തോടെ പ്രതിഭകൾ മാറ്റുരച്ച അഞ്ചു രാപ്പകലുകൾക്ക് വിരാമമിട്ട് കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ സമാപനം. എട്ട് വേദികളിലായി 215 ഇനങ്ങളിലെ മത്സരങ്ങൾ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സംഘാടക സമിതി.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ പ്രചാരണ-അനുബന്ധ പരിപാടികളാണ് സംഘടിപ്പിച്ചത്. പഴയ തലമുറയിലെ കാരണവന്മാരുടെ വല്ലം മടയൽ മത്സരം, പൂർവാധ്യാപക സംഗമം, പുതുതലമുറയ്ക്കായി ഒരുക്കിയ സെൽഫി കോർണർ, ചിത്ര,പുസ്തക പ്രദർശനം, വിവിധ കലാകാരന്മാർ അണിനിരന്ന ഊട്ടുപുരയിലെ സംഗീതവിരുന്ന് എന്നിവ സമൂഹത്തിലെ വിവിധ തലമുറകളിലുള്ളവരെ ഒരുമിപ്പിക്കുന്ന വേറിട്ട അനുഭവങ്ങളായി.
വിപുലമായ സംഘാടക സമിതിക്ക് കീഴിൽ 16 സബ് കമ്മിറ്റികൾ ഒത്തൊരുമയോടെ പ്രവർത്തിച്ചത് സംഘാടക മികവിന്റെ മികച്ച മാതൃകയായി. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങൾക്ക് ഭക്ഷണമൊരുക്കിയ ഊട്ടുപുര നാട്ടുകൂട്ടായ്മയുടെ നനവുള്ള ഓർമയായി നിലനിൽക്കും.
വിഭാഗം തിരിച്ചുള്ള പോയിന്റ് നില
എൽ.പി. വിഭാഗം ജനറൽ മത്സരങ്ങൾ: 65 പോയിന്റ് വീതം നേടി പാറയിൽ എൽ.പി.എസ്, നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വട്ടോളി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയിന്റുമായി നരിപ്പറ്റ യു.പി.എസ് രണ്ടാം സ്ഥാനവും 60 പോയിന്റ് വീതം നേടി വടക്കുമ്പാട് ജി.എൽ.പി.എസ്, കാവിലുംപാറ ജി.എച്ച്.എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവം: 45 പോയിന്റുമായി കള്ളാട് എൽ.പി.എസ് ഒന്നാം സ്ഥാനവും 41 പോയിന്റുമായി പാതിരിപ്പറ്റ യു.പി.എസ് രണ്ടാം സ്ഥാനവും 40 പോയിന്റുമായി കെ.വി.കെ.എം.എം.യു.പി.എസ് ദേവർകോവിൽ മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗം അറബിക് സാഹിത്യോത്സവം: 65 പോയിന്റ് വീതം നേടി പാതിരിപ്പറ്റ യു.പി.എസ്, എ.എം.യു.പി.എസ് കായക്കൊടി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റ് വീതം നേടി എം.ഐ.യു.പി.എസ് കുറ്റ്യാടി, ചേരാപുരം യു.പി.എസ്, എം.എ.എം.യു.പി അടുക്കത്ത് എന്നിവർ രണ്ടാം സ്ഥാനവും 61 പോയിന്റുമായി കെ.വി.കെ.എം.എം.യു.പി തേവർകോവിൽ മൂന്നാം സ്ഥാനവും നേടി.
എച്ച്.എസ്. വിഭാഗം അറബിക് സാഹിത്യോത്സവം: 95 പോയിന്റുമായി വട്ടോളി സംസ്കൃതം എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുറ്റ്യാടി രണ്ടാം സ്ഥാനവും 91 പോയിന്റുമായി ആർ.എൻ.എം എച്ച്.എസ്.എസ് നരിപ്പറ്റ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം
സമാപന സമ്മേളനം നാദാപുരം നിയോജക മണ്ഡലം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ഡിജിറ്റൽ മാഗസിനായ 'ലൈം ലൈറ്റ്' ചടങ്ങിൽ പ്രകാശനം ചെയ്തു.
സ്വാഗതസംഘം ചെയർപേഴ്സൺ നസീമ വാഴയിൽ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, പി.ടി.എ പ്രസിഡന്റ് കെ.എം. ഇസ്മയിൽ, താര കെ.ബി, ഫാത്തിമ എം.കെ, ബാലൻ മണ്ടയുള്ളതിൽ, കെ.ടി. രവീന്ദ്രൻ മാസ്റ്റർ, ഉബൈദ് വാഴയിൽ, രാജീവൻ എ.കെ, ശാലിനി കെ.എം, താഹിറ കെ, പുഷ്പ സി.കെ, പി. ശാലിനി, സന്തോഷ് കോശി, ശരീഫ് കയനോത്ത്, നിധീഷ് എൻ.എസ്, സീനത്ത് എൻ.പി, അഷ്റഫ് ഇ.എം.ഐ, സാറ കെ.കെ, സക്കീന ഖാസിം സി.എച്ച്, പി. ഗീത, കെ.എം. രത്നവല്ലി, നിസാർ എടത്തിൽ, നസീർ ആനേരി, വി. വിജേഷ്, ജനപ്രിയ പി, വി.കെ. ബൈജു, ബിജു ഇ. എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ ആർ.ബി. കവിത സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ഇ. ബിന്ദു നന്ദിയും പറഞ്ഞു.
Comments (0)