കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

പാലേരി: കലയുടെ വൈവിധ്യവും സർഗാത്മകതയുടെ നിറപ്പകിട്ടുമായി കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പാലേരിയിൽ വർണ്ണാഭമായ തുടക്കം. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിന് തുടക്കം കുറിച്ച് പാലേരിയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന വേദിയിൽ സമാപിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ വടകര എം.പി. ഷാഫി പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു.
കലയും സാഹിത്യവും സർഗാത്മക പ്രവർത്തനങ്ങളും മനുഷ്യനിലെ മാനവികതയെ ഉത്തേജിപ്പിക്കുന്ന ഉദാത്തമായ പ്രവർത്തനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരിൽ അന്തർലീനമായ സ്നേഹവും കരുണയും പരസ്പര്യവും അന്യമാകുന്ന ആധുനിക കാലത്ത് ഇത്തരം കലോത്സവങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. സാമൂഹികവും സർഗാത്മകവുമായ പ്രവർത്തനങ്ങളെ നെഞ്ചേറ്റുന്ന യുവതലമുറയെ വാർത്തെടുക്കേണ്ടത് കാലം സമൂഹത്തോട് ആവശ്യപ്പെടുന്ന പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ സുരേഷ് ചെന്താര രചിച്ച് സന്തോഷ് മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച സ്വാഗതഗാനത്തോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. സംഗീതസംവിധായകൻ സന്തോഷ് മാസ്റ്ററും വേദിയിൽ ഗാനം ആലപിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥിയായ അനൂപ് കുമാർ കല്ലിങ്കൽ ഓർക്കസ്ട്ര ഒരുക്കിയ ഗാനത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിമും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ അരുൺ കുമാർ കല്ലിങ്കലും സ്കൂളിലെ വിദ്യാർത്ഥികളും ചേർന്ന് ആലാപനം നടത്തി.
എം.എൽ.എ അഡ്വ. ഫാത്തിമ തഹ്ലിയ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ദേവരാജ് മുഖ്യാതിഥിയായി.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹീദ് പാറമ്മൽ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, എ.ഇ.ഒ കെ.എം. രത്നവല്ലി, സ്കൂൾ മാനേജർ കെ.വി. കുഞ്ഞുകണ്ണൻ, കുന്നുമ്മൽ ബി.പി.സി നിസാർ ഇടത്തിൽ, പേരാമ്പ്ര ബി.പി.സി നസീർ ആനേരി, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ. അൻവർ ഷമീം, പബ്ലിസിറ്റി കൺവീനർ നൗഷാദ് പി.കെ., സ്കൂൾ ചെയർപേഴ്സൺ മുഹമ്മദ് മിഥിലാജ്, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ വി. തുടങ്ങിയവർ സംസാരിച്ചു.
Comments (0)