കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ പാലേരിയിൽ; അഞ്ചു ദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത് അയ്യായിരത്തോളം പ്രതിഭകൾ

കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ പാലേരിയിൽ; അഞ്ചു ദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത് അയ്യായിരത്തോളം പ്രതിഭകൾ

പാലേരി: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 9ന് പാലേരിയിൽ തുടക്കമാകും. നവംബർ 13 വരെ പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ എട്ട് പഞ്ചായത്തുകളിലെ 88 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ 215 ഇനങ്ങളിലായി മാറ്റുരയ്ക്കും.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എട്ട് സ്റ്റേജുകളും പന്തലുകളും വിശാലമായ ഊട്ടുപുരയും ഒരുക്കിയിട്ടുണ്ട്. ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.

നവംബർ 9ന് രാവിലെ രചനാ മത്സരങ്ങളോടെ കലോത്സവത്തിന് തുടക്കമാകും. രാവിലെ 10.30ന് പൂർവാധ്യാപക സംഗമമായ 'ഗുരുനാദം' സംഘടിപ്പിക്കും. നവംബർ 10ന് വൈകിട്ട് മൂന്നിന് സാംസ്കാരിക ഘോഷയാത്രയും നാലിന് ഉദ്ഘാടന ചടങ്ങും നടക്കും. വടകര എം.പി. ഷാഫി പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്‌ലിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനി-മിമിക്രി താരം ദേവ് രാജ് മുഖ്യാതിഥിയാകും.

നവംബർ 13ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണുമായ നസീമ വാഴയിൽ അധ്യക്ഷത വഹിക്കും. നാദാപുരം എം.എൽ.എ അഭിജിത്ത് മുഖ്യാതിഥിയാകും.

ഉദ്ഘാടന, സമാപന ചടങ്ങുകളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് കെ.കെ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

കലോത്സവത്തിന്റെ ഭാഗമായി ഗോർണിക്ക പ്രോഗ്രസീവ് ആർട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചിത്രപ്രദർശനം, മാഗസിൻ പ്രകാശനം, കുന്നുമ്മൽ സബ്ജില്ലാ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കയ്യൊപ്പ് ശേഖരണം എന്നിവയും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ കുന്നുമ്മൽ ഉപജില്ലാ എ.ഇ.ഒ കെ.എം. രത്നവല്ലി, ജനറൽ കൺവീനർ ആർ.ബി. കവിത, സ്വാഗതസംഘം ചെയർപേഴ്സൺ നസീമ വാഴയിൽ, സ്കൂൾ മാനേജർ കെ.വി. കുഞ്ഞിക്കണ്ണൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഉബൈദ് വാഴയിൽ, കൺവീനർ നൗഷാദ് പി.കെ, എച്ച്.എം ഫോറം കൺവീനർ നാസർ താനാരി, ഹെഡ്മാസ്റ്റർ അനിൽ വി.പി, പി.ടി.എ പ്രസിഡന്റ് കെ.എം. ഇസ്മാഈൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു.

Comments (0)