ഭാര്യയുടെ ബന്ധുക്കളെ വെട്ടിയും കാറിടിപ്പിക്കാൻ ശ്രമിച്ചും കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

മലപ്പുറം: വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നുവെന്നാരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ കത്തികൊണ്ട് വെട്ടിയും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക നസ്റുദ്ദീനെയാണ് (33) കരുവാരകുണ്ട് പൊലീസ്…

മലപ്പുറം: വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നുവെന്നാരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ കത്തികൊണ്ട് വെട്ടിയും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക നസ്റുദ്ദീനെയാണ് (33) കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം പാന്ത്ര മുക്കട്ടയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.

ഭാര്യയുടെ പിതൃസഹോദരൻ പള്ളിത്തൊടിക ഹാരിസ്, ബന്ധുവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് പ്രതി ലക്ഷ്യമിട്ടത്. ഹാരിസിനെതിരെ കത്തി വീശിയെങ്കിലും ആക്രമണം തടയുന്നതിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ ഹാരിസ് വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വിവരമറിഞ്ഞ് സ്കൂട്ടറിൽ എത്തിയ ഷൗക്കത്തലിയെ പ്രതി കാറിടിപ്പിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. എന്നാൽ ഷൗക്കത്തലി സ്കൂട്ടർ സമീപത്തെ വീട്ടിലേക്ക് കയറ്റി രക്ഷപ്പെടുകയായിരുന്നു.

ലഹരിക്ക് അടിമയായ നസ്റുദ്ദീൻ നിരന്തരം മർദ്ദിച്ചിരുന്നതിനെ തുടർന്ന് ഭാര്യ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നും മർദ്ദനം തുടർന്നതോടെയാണ് കുടുംബം വിവാഹമോചന നടപടികളിലേക്ക് കടന്നത്. ഇതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് കാരണം. കഞ്ചാവ് ഉപയോഗം ഉൾപ്പെടെ അഞ്ച് കേസുകൾ നസ്റുദ്ദീന്റെ പേരിലുണ്ട്. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments (0)