തിരൂരിൽ ഗവേഷക വിദ്യാർത്ഥിനിയുടെ സമരം അവസാനിപ്പിച്ചു
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥിനി അനഘ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്റെ നേതൃത്വത്തിൽ തിരൂർ ഗസ്റ്റ് ഹൗസിൽ നടന്ന രണ്ടാം ഘട്ട…
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥിനി അനഘ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്റെ നേതൃത്വത്തിൽ തിരൂർ ഗസ്റ്റ് ഹൗസിൽ നടന്ന രണ്ടാം ഘട്ട ചർച്ചയിലാണ് തീരുമാനം. വി.സി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയിൽ അനുകൂല തീരുമാനങ്ങളായി.
അനഘയുടെ ഗവേഷണം പൂർത്തീകരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഗവേഷണത്തിന് പുതിയ ഗൈഡിനെ ഉടൻ നിയമിക്കും, ഒപ്പം ഒരു കോ-ഗൈഡിനെയും ഉൾപ്പെടുത്തും.
കോ-ഗൈഡിനെ നിയമിക്കുന്ന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെടുമെന്നും ഉറപ്പ് ലഭിച്ചു. ഇതിനായി സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകും. കത്തിന്റെ സീൽ വെച്ച കോപ്പി ഇന്ന് തന്നെ അനഘയ്ക്ക് കൈമാറും. കത്ത് ലഭിച്ചാലുടൻ അനുകൂല തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.
രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Comments (0)