യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ രാഹുൽഗാന്ധി

ന്യൂഡൽഹി: 2,000 രൂപക്ക് മേലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ കോർപ്പറേറ്റ് സമ്മർദത്തിന് മുമ്പില്‍…

ന്യൂഡൽഹി: 2,000 രൂപക്ക് മേലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ കോർപ്പറേറ്റ് സമ്മർദത്തിന് മുമ്പില്‍ വീണ്ടും കീഴടങ്ങിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

2,000 രൂപയ്ക്ക് മുകളിലുള്ള മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് 'എംഡിആർ' ഏർപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കില്ലെന്നാണ് സർക്കാർ പറയുന്നതെങ്കിലും, വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന തുക അന്തിമമായി സാധനങ്ങളുടെ വിലവർദ്ധനവിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളുടെ പക്കൽ നിന്നുതന്നെയാവും ഈടാക്കുക എന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തരുതെന്ന ഇന്ത്യയുടെ മുൻ നിലപാടിനെ അമേരിക്കൻ പേയ്‌മെന്റ് കമ്പനികൾ എന്നും എതിർത്തിരുന്നു. മുൻപ് നടന്ന യു.എസ് വ്യാപാര കരാറിന്റെ മാതൃകയിൽ, മോദി സർക്കാർ അമേരിക്കൻ സമ്മർദ്ദത്തിനു മുന്നിൽ വീണ്ടും തലകുനിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. വിലക്കയറ്റംകൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഡിജിറ്റൽ പെയ്മെന്റ് ടാക്‌സ് വഴി ജനങ്ങളുടെ സമ്പാദ്യം കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജുകളില്ലെങ്കിലും, 2,000 രൂപയ്ക്ക് മുകളിലുള്ള മർച്ചന്റ് ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനാണ് നീക്കം. യുപിഐയിൽ 96 ശതമാനം ഇടപാടുകളും 2000 രൂപയ്ക്ക് താഴെയുള്ളതാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ എപ്പോൾ വേണമെങ്കിലും സമാന വിജ്ഞാപനത്തിലൂടെ 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്കും സർക്കാരിന് ഫീസ് ഏർപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Comments (0)