ഇറാന്‍റെ അവകാശങ്ങൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ല: ഇറാൻ പാർലമെന്റ് സ്പീക്കർ

തെഹ്റാൻ: തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നത് വരേയ്ക്കും ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാക്കിർ ഗാലിബാഫ്. മുന്നോട്ടുള്ള നീക്കങ്ങൾ സൈനികമായും മധ്യസ്ഥശ്രമങ്ങളിലൂടെയും തെഹ്റാൻ…

തെഹ്റാൻ: തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നത് വരേയ്ക്കും ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാക്കിർ ഗാലിബാഫ്. മുന്നോട്ടുള്ള നീക്കങ്ങൾ സൈനികമായും മധ്യസ്ഥശ്രമങ്ങളിലൂടെയും തെഹ്റാൻ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ പാർലമെന്‍റ് സമ്മേളനത്തിലായിരുന്നു ഗാലിബാഫിന്‍റെ പ്രസ്താവന. ഇറാൻ തങ്ങളുടെ സൈനികശക്തി ഉപയോഗിച്ച് ശത്രുവിനെ പിന്തള്ളണമെന്നും, യുദ്ധക്കളത്തിലുണ്ടാക്കുന്ന നേട്ടങ്ങൾ നയതന്ത്രത്തിലൂടെ ഉറപ്പിച്ചുനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.



'ശരിയായ സമയത്ത്, നമ്മുടെ പക്കലുള്ള മുഴുവൻ സൈനികശക്തിയും ഉപയോഗിച്ച് നമ്മൾ ശത്രുവിനെ പിന്നോട്ടടിപ്പിക്കണം. അവർക്ക് മാരകമായ പ്രഹരങ്ങൾ ഏൽപ്പിക്കുകയും വേണം, ഇതുമാത്രമല്ല, യുദ്ധക്കളത്തിലെ വലിയ വിജയങ്ങൾ നേടിനിൽക്കുന്ന സമയം, ശത്രു ദുർബലനായിക്കഴിഞ്ഞാൽ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ഈ നേട്ടങ്ങൾ ഉറപ്പിച്ചുനിർത്തുകയും വേണം'. അദ്ദേഹം വ്യക്തമാക്കി.

നയതന്ത്ര രംഗത്തെ ഇറാന്റെ നിലപാടുകൾ പൂർണ്ണമായും വ്യക്തവും യുക്തിസഹവുമാണെന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ വ്യവസ്ഥകൾ മധ്യസ്ഥർ മുഖേന മറുപക്ഷത്തെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. വഞ്ചനയുടെയും ഏകപക്ഷീയമായ അടിച്ചേൽപ്പിക്കലിന്റെയും വഴികൾ അടഞ്ഞിരിക്കുകയാണെന്ന് ശത്രുവിന് നന്നായി അറിയാമെന്നും ഗാലിബാഫ് പറഞ്ഞു. ഇറാനിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കുകയും അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി ഖത്തർ മുഖേന ഇറാൻ അമേരിക്കക്ക് ഏഴ് വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ വാഷിങ്ടൺ തള്ളിക്കളയുകയാണെങ്കിൽ സൈനികമായി തിരിച്ചടി നൽകാൻ തയ്യാറാണെന്നും അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു.

Comments (0)