ബൈക്കുകൾ കൂട്ടിയിടിച്ച് കാലിക്കറ്റ് എഫ്.സി താരത്തിന് ദാരുണാന്ത്യം; സഹതാരത്തിന് ഗുരുതര പരിക്ക്
കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാലിക്കറ്റ് എഫ്.സി താരവും തൃശൂർ സ്വദേശിയുമായ റിജോൺ ജോസിന് (29) ദാരുണാന്ത്യം. സഹതാരം ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള ഫ്ലൈ ഓവറിൽ…
കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാലിക്കറ്റ് എഫ്.സി താരവും തൃശൂർ സ്വദേശിയുമായ റിജോൺ ജോസിന് (29) ദാരുണാന്ത്യം. സഹതാരം ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള ഫ്ലൈ ഓവറിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
റിജോണും ഗനിയും സഞ്ചരിച്ചിരുന്ന കവാസാക്കി ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കുകളിലുമായി ഉണ്ടായിരുന്ന മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ റിജോൺ മരണത്തിന് കീഴടങ്ങി. ഗുരുതര പരിക്കേറ്റ ഗനി അഹമ്മദ് നിഗത്തെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സിയുടെ താരങ്ങളാണ് ഇരുവരും. റിജോൺ മുൻപ് ഫോഴ്സ കൊച്ചി, എഫ്.സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലഗ്രാഫ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം. റിജോൺ ഉൾപ്പെടുന്ന കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള ആദ്യ മത്സരം ശനിയാഴ്ച കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് ദാരുണ സംഭവം. വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൗണ്ടിൽ പരിശീലനത്തിലായിരുന്നു ടീം.
Comments (0)