ചെക്യാട് പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി; നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Leopard Alert കോഴിക്കോട്: നാദാപുരം ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട് പ്രദേശത്ത് പുലി ഇറങ്ങിയതായി പലരും…


Leopard Alert

കോഴിക്കോട്: നാദാപുരം ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട് പ്രദേശത്ത് പുലി ഇറങ്ങിയതായി പലരും പറയുന്ന സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അറിയിച്ചു.

പുലിയെ കണ്ടെന്ന വിവരം പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, കഴിഞ്ഞ ദിവസം നാദാപുരം കുമ്മങ്കോട് സിനാനും ഉമ്മൂമ്മയ്ക്കും നേരെയുണ്ടായ ആക്രമണം പുലിയുടേതാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമതിലിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആക്രമണം വനംവകുപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

ആക്രമണത്തിൽ പരിക്കേറ്റ സിനാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വീടിന്റെ പുറകുവശത്തെ പറമ്പിൽ പപ്പായ പറിക്കുന്നതിനായി ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിനിടെയാണ് സിനാനെ പുലി ആക്രമിച്ചതെന്നാണ് വിവരം. തൊട്ടടുത്തുണ്ടായിരുന്ന കുഴിയിൽ ഒളിച്ചിരുന്ന പുലി സിനാന്റെ പിറകിലേക്ക് ചാടുകയായിരുന്നു.

പുലിയുമായുള്ള മൽപിടിത്തത്തിനിടെയാണ് സിനാൻ രക്ഷപ്പെട്ടത്. ആക്രമണത്തിൽ കഴുത്തിന്റെ പിൻഭാഗത്തും ചെവിക്ക് താഴെയുമായി ആഴത്തിലുള്ള മുറിവുകളുണ്ടായി. ഇവയ്ക്ക് 64ൽ അധികം തുന്നലുകൾ ഇടേണ്ടിവന്നു. പുറത്തും നെഞ്ചിലും വയർഭാഗത്തും നഖം ഉപയോഗിച്ചുള്ള മാന്തലിനെ തുടർന്ന് നിരവധി മുറിവുകളും ഉണ്ടായി.

സിനാന് ചുമലിലും നടുവിലും വേദന കൂടിയതിനെ തുടർന്ന് ഓർത്തോപീഡിക് വിഭാഗത്തിന്റെ പരിശോധനയും നടത്തിയിട്ടുണ്ട്. ചെക്യാട് മേഖലയിൽ പുലിയെ കണ്ടെന്ന പുതിയ വിവരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary:

A Class 10 student, Sinan, reportedly spotted a leopard at Thaikandimukku in Chekyad, Nadapuram, and escaped after abandoning his bicycle. Panchayat president Ahmed Punnakkal urged residents to remain vigilant and said the police and Forest Department had been informed. A previous attack on Sinan and his grandmother in Kummankode was reportedly confirmed as a leopard attack after footage emerged showing the animal fleeing through a nearby compound. However, the Forest Department has not officially confirmed the attack. Sinan is undergoing treatment for multiple injuries, including deep wounds requiring more than 64 stitches.

Leopard Alert

Comments (0)