സുമനസ്സുകളുടെ കനിവ് തേടി കാൽ നൂറ്റാണ്ടായി ദേവി കാത്തിരിക്കുന്നു ; വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ

പയ്യോളി : ആയുസ്സിന്റെ പാതിവഴിയോളമെത്തിയിട്ടും ദേവിക്ക് വീടെന്ന സ്വപ്നം ഇനിയും പൂർത്തിയായില്ല. മണിയൂർ ഗ്രാമപഞ്ചായത്തിലെ കുറുന്തോടിയിൽ അഞ്ചാം വാർഡിലുള്ള പറമ്പത്ത് മീത്തൽ ദേവി (56) ക്കാണ് മൂന്ന് പതിറ്റാണ്ടോളമായി വീട് പണി പൂർത്തിയാക്കാനാവാതെ…



പയ്യോളി : ആയുസ്സിന്റെ പാതിവഴിയോളമെത്തിയിട്ടും ദേവിക്ക് വീടെന്ന സ്വപ്നം ഇനിയും പൂർത്തിയായില്ല. മണിയൂർ ഗ്രാമപഞ്ചായത്തിലെ കുറുന്തോടിയിൽ അഞ്ചാം വാർഡിലുള്ള പറമ്പത്ത് മീത്തൽ ദേവി (56) ക്കാണ് മൂന്ന് പതിറ്റാണ്ടോളമായി വീട് പണി പൂർത്തിയാക്കാനാവാതെ ജീവിതം വഴിമുട്ടിയ നിലയിലായിരിക്കുന്നത്. അവിവാഹിതയായ ദേവി സഹോദരന്മാരോടൊപ്പം കുടുംബവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് സ്വന്തമായി വാങ്ങിയ മൂന്നര സെൻറ് ഭൂമിയിലാണ് സർക്കാരിൽ നിന്നുള്ള എസ്. സി.- എസ്.ടി. ഫണ്ടിൽ നിന്നുള്ള ധനസഹായത്തോടെ ഇരുപത്തിയഞ്ച് വർഷം മുമ്പ് വീടുപണി ആരംഭിച്ചത്. ഒരു കിടപ്പുമുറിയും അടുക്കളയും ഡൈനിങ് ഹാളും വരാന്തയുമടക്കം ഓട് മേഞ്ഞ വീടിൻറെ നിർമാണം പാതിവഴിയിൽ നിലച്ചു. നിലവിൽ വീടിൻറെ മേൽക്കൂര നിർമാണം പോലും പൂർത്തിയാവാത്ത നിലയിലാണുള്ളത്.
അതിനിടയിൽ വീടിന് ധനസഹായമായി പഞ്ചായത്തിൽ നിന്നും ലഭിച്ച 75,000 രൂപ കമ്മിറ്റിയുടെ സമ്മർദ്ദത്തിൽ തിരിച്ചടപ്പിക്കുകയുണ്ടായി. വീട് പൂർത്തീകരിക്കാൻ കൂടുതൽ തുക സർക്കാർ വക ധനസഹായമായി ലഭിക്കണമെങ്കിൽ പഴയ തുക തിരിച്ചടക്കണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് ഈ തുക തിരിച്ചടപ്പിച്ചതെന്നാണ് വീട് നിർമാണ കമ്മിറ്റി കാരണമായി പറഞ്ഞിരുന്നത്. എന്നാൽ പുതിയ ധനസഹായമായി ഒരു ചില്ലികാശു പോലും പിന്നീട് ലഭിക്കാത്തതുകൊണ്ട് വീട്ടുകാരും കമ്മിറ്റിയുമായുള്ള തർക്കത്തിൽ തിരിച്ചടച്ച തുക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരിവെടുത്ത് വീട്ടുകാർക്ക് തിരികെ നൽകുകയായിരുന്നു. ഇപ്പോൾമൂന്നു മാസങ്ങൾക്ക് മുമ്പ് ഏറെ മുറവിളിക്കുശേഷം പഴയ ഓടിന് പെയിൻറ്ടിച്ച് ഏകദേശം മുക്കാൽ ഭാഗവും മേൽക്കൂരയിൽ ഓട് സ്ഥാപിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങാനുള്ള ഭാഗ്യം തനിക്ക് ഉണ്ടാവണമെന്നേയാണ് ഇപ്പോൾ ദേവിയുടെ പ്രാർഥന. അതിനായി തന്നെ ഈ നിലയിലാക്കിയ അധികാരികളെയും പൊതുപ്രവർത്തകരെയും കൈവിട്ട് ഉദാരമതികളായ സുമനസ്സുകളിലാണ് ഇപ്പോൾ ദേവിയുടെ പ്രതീക്ഷ.

Comments (0)