പന്നിയങ്കര ജിമ്മിലെ ലഹരി കേസ്; പ്രധാന കണ്ണി ബെംഗളൂരുവിൽ പിടിയിൽ
പന്നിയങ്കര: പന്നിയങ്കരയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിൽ ലഹരി എത്തിച്ചു നൽകിയ നാലാം പ്രതി അറസ്റ്റിൽ. ബേപ്പൂർ തമ്പി റോഡ് സ്വദേശി വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്ത് (28) ആണ് ബെംഗളൂരുവിൽ പിടിയിലായത്.…
പന്നിയങ്കര: പന്നിയങ്കരയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിൽ ലഹരി എത്തിച്ചു നൽകിയ നാലാം പ്രതി അറസ്റ്റിൽ. ബേപ്പൂർ തമ്പി റോഡ് സ്വദേശി വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്ത് (28) ആണ് ബെംഗളൂരുവിൽ പിടിയിലായത്.
2026 ജൂലൈ 18-നാണ് പയ്യാനക്കൽ കപ്പക്കൽ റോഡിലെ ജിംനേഷ്യത്തിൽ പൊലീസ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്ക് സൂക്ഷിച്ച 228.31 ഗ്രാം എംഡിഎംഎ, 37.320 ഗ്രാം കഞ്ചാവ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ച 41,830 രൂപ എന്നിവ അന്ന് പിടിച്ചെടുത്തിരുന്നു.
ജിം നടത്തിപ്പുകാരായ മൂന്ന് പേരാണ് ആദ്യം പിടിയിലായത് - ബേപ്പൂർ പൂന്നാർവളപ്പ് സ്വദേശി ജംഷീദ് (40), ബേപ്പൂർ മതിലകത്ത് മസ്കറ്റ് നിവാസിൽ ലിജാസ് എം.കെ (36), ബേപ്പൂർ മേലേതൊടി അധികാരി വീട്ടിൽ അർഷാദ് (32). ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് യാസർ അറാഫത്തിനെ കുറിച്ച് വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
ഡൽഹിയിൽ നിന്നും ഗോവയിൽ നിന്നുമാണ് ലഹരി എത്തിച്ചിരുന്നതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ലഹരി വിൽപ്പനയിലൂടെ കിട്ടുന്ന പണം സ്വന്തം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്. വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയാണ്.
Comments (0)