ഫ്ലൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ
ദുബായ്: ഫ്ലൈ ദുബൈ വിമാനത്തിലെ ആക്രമണ ശ്രമത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ. തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട 29-കാരനായ ഒമാനി കോ-പൈലറ്റാണ് ആക്രമണം നടത്തിയതെന്നും ചാവേറായി വിമാനം ഇടിച്ചിറക്കാനായിരുന്നു ശ്രമമെന്നും…
ദുബായ്: ഫ്ലൈ ദുബൈ വിമാനത്തിലെ ആക്രമണ ശ്രമത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ. തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട 29-കാരനായ ഒമാനി കോ-പൈലറ്റാണ് ആക്രമണം നടത്തിയതെന്നും ചാവേറായി വിമാനം ഇടിച്ചിറക്കാനായിരുന്നു ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. 9/11 ഭീകരാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആക്രമണമെന്നും വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചിറക്കാനാണ് ലക്ഷ്യമിട്ടതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, പ്രതിയുടെ തൊഴിൽ പശ്ചാത്തലവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. 2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത ഇയാൾ 2025-ന്റെ തുടക്കത്തിൽ റോയൽ എയർ മറോക്കിൽ ചേർന്നു. ഏതാനും മാസങ്ങൾ അവിടെ ജോലി ചെയ്ത ശേഷം 2026 ജനുവരിയിലാണ് ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിച്ചത്. നിയമനത്തിൽ വീഴ്ചയില്ലെന്നും പൈലറ്റ് ലൈസൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, സുരക്ഷാ പരിശോധന എന്നിവ നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് മുന്നോടിയായി ടെൽ അവീവിലേക്കുള്ള രണ്ട് മുൻ യാത്രകൾ ഉപയോഗിച്ച് വിമാനമാർഗവും വിമാനത്താവളവും പരിചയപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാമത്തെ യാത്രയായ സെപ്റ്റംബർ 30-ലെ യാത്രയിലാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. കോക്ക്പിറ്റിനുള്ളിൽ വെച്ച് എമർജൻസി കോടാലി ഉപയോഗിച്ച് ക്യാപ്റ്റനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ കോക്ക്പിറ്റ് തുറന്നത് റിസർവ് പൈലറ്റാണെന്നും യുഎഇ വ്യക്തമാക്കി. മടക്കയാത്രയ്ക്ക് നിയോഗിക്കപ്പെട്ട പൈലറ്റ് ആക്സസ് കോഡ് ഉപയോഗിച്ചാണ് കോക്ക്പിറ്റിൽ പ്രവേശിച്ചത്. സഹ പൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുന്നതാണ് റിസർവ് പൈലറ്റ് കണ്ടതെന്നും തുടർന്ന് ക്യാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും സഹായത്തോടെയാണ് ക്യാപ്റ്റനെ രക്ഷപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് കോക്ക്പിറ്റ് തുറന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
Comments (0)