ജിദ്ദയിൽ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ; നിരോധിത മരുന്ന് കൈവശം വെച്ചതിന് നടപടി
ജിദ്ദ / കൽപ്പറ്റ: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി നഴ്സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. വയനാട് അതിർത്തിയായ അയ്യൻകൊല്ലി സ്വദേശിനിയായ ഇവർ സൗദിയിൽ…
ജിദ്ദ / കൽപ്പറ്റ: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി നഴ്സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു.
വയനാട് അതിർത്തിയായ അയ്യൻകൊല്ലി സ്വദേശിനിയായ ഇവർ സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പിടിയിലായതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
നാട്ടിലെ അവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ യാത്ര തിരിച്ച ഫിലോമിനയെ ഈ മാസം പത്താം തീയതി മുതലാണ് കുടുംബത്തിന് ബന്ധപ്പെടാൻ കഴിയാതെ പോയത്. ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോൾ പരിശോധനയ്ക്കിടെ കസ്റ്റംസ് അധികൃതർ ഇവരുടെ പാസ്പോർട്ടും ലഗേജും പിടിച്ചുവെക്കുകയായിരുന്നു.
ദിവസങ്ങളോളം വിവരം ലഭിക്കാതെ വന്നതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും പ്രവാസി സംഘടനകളും നടത്തിയ ഇടപെടലിലാണ് ഇവർ പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്.
സൗദി നിയമപ്രകാരം നിരോധിത വിഭാഗത്തിൽപ്പെടുന്ന വേദനസംഹാരികളോ മറ്റ് മരുന്നുകളോ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രഗ് ട്രാഫിക്കിംഗ് വകുപ്പുകൾ ചുമത്തിയാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. ഇവർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കോൺസുലേറ്റ് തലത്തിൽ പുരോഗമിക്കുകയാണ്.
Comments (0)