റെയില്‍വേ സിഗ്‌നല്‍ കേബിള്‍ മോഷണം; ഏഴ് പേര്‍ അറസ്റ്റില്‍

News News News ചെറുവത്തൂര്‍: റെയില്‍വേയുടെ സിഗ്‌നല്‍ കേബിള്‍ മോഷ്ടിച്ച ഏഴുപേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മോഷണമുതല്‍ വാങ്ങിയ ആക്രിക്കട നടത്തിപ്പുകാരനും പിടിയിലായി. അസം സ്വദേശികളായ മനോവര്‍ ഹുസൈന്‍ (32), സോമീര്‍ അലി (35), റസൂല്‍ ഇസ്ലാം (20),…

News News News

ചെറുവത്തൂര്‍: റെയില്‍വേയുടെ സിഗ്‌നല്‍ കേബിള്‍ മോഷ്ടിച്ച ഏഴുപേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മോഷണമുതല്‍ വാങ്ങിയ ആക്രിക്കട നടത്തിപ്പുകാരനും പിടിയിലായി. അസം സ്വദേശികളായ മനോവര്‍ ഹുസൈന്‍ (32), സോമീര്‍ അലി (35), റസൂല്‍ ഇസ്ലാം (20), നൂര്‍ അമീന്‍ ഇസ്ലാം (33), സോബിചുല്‍ അലി ഖാന്‍ (21), അനോവര്‍ ഹുസൈന്‍ (33), ആക്രിക്കട നടത്തുന്ന മൊഗള്‍ ഹുസൈന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ചെറുവത്തൂര്‍, പയ്യന്നൂര്‍, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. കവര്‍ച്ചമുതല്‍ കൊണ്ടുപോകാനായി ഇവര്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പടന്നക്കാട്ടുനിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. കാര്യങ്കോട് പഴയ പാലത്തിന് സമീപം ചെറുവത്തൂര്‍ ഭാഗത്തെ കേബിളാണ് സംഘം മുറിച്ചുകടത്തിയത്.

കഴിഞ്ഞ 18 ന് സിഗ്‌നല്‍ തകരാറിലായതിനെത്തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് കേബിള്‍ മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് പാലക്കാട് ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

പാലക്കാട് ആര്‍പിഎഫ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എ.പി ദീപക്, എസ്‌ഐ അജിത്ത് കുമാര്‍, എഎസ്‌ഐ ഷിജു, കാസര്‍കോട് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എന്‍.കെ ശശി, എഎസ്‌ഐ വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരുമായി സംഘം ചെറുവത്തൂര്‍, പയ്യന്നൂര്‍, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി.

ചോദ്യംചെയ്യലില്‍ പരിയാരത്തെ ആക്രിക്കടയില്‍ മോഷ്ടിച്ച കേബിളിലെ ചെമ്പുകമ്പി വില്‍പ്പന നടത്തിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആക്രിക്കട ഉടമയെ അറസ്റ്റ് ചെയ്തത്. ചെറുവത്തൂരിലെ വിവി നഗറിലെ വാടക വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.



News News News

Comments (0)