ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് ഹോം സ്റ്റേയിൽ മുറിയെടുത്തു; എം.ഡി.എം.എ.യുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന് വിശ്വസിപ്പിച്ച് ഹോം സ്റ്റേയിൽ മുറിയെടുത്ത് എം.ഡി.എം.എ. വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസിന്റെ പിടിയിലായി. കക്കുഴിപ്പാലം സ്വദേശി ഷിജിയുടെ വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന…


കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന് വിശ്വസിപ്പിച്ച് ഹോം സ്റ്റേയിൽ മുറിയെടുത്ത് എം.ഡി.എം.എ. വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസിന്റെ പിടിയിലായി. കക്കുഴിപ്പാലം സ്വദേശി ഷിജിയുടെ വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിലാണ് സംഭവം.ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. ഐ.ഡി. കാർഡും 4500 രൂപ അഡ്വാൻസും നൽകിയാണ് ഇവർ മുറി വാടകയ്‌ക്കെടുത്തത്. വൈകീട്ടോടെ വീട്ടുമാലിന്യം നിക്ഷേപിക്കുന്ന കാര്യം പറയാനായി വീട്ടുടമ വാതിലിൽ മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതിൽ സംശയം തോന്നിയ വീട്ടുടമ ഉടൻ തന്നെ പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പലതവണ വാതിലിലും ജനലിലും മുട്ടിയ ശേഷമാണ് ഇരുവരും വാതിൽ തുറന്നത്. പോലീസിനെ കണ്ടതോടെ പരിഭ്രാന്തരായ ഇരുവരും ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്. ഇതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇരുവരുടെയും പാന്റിന്റെ പോക്കറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ. കണ്ടെടുത്തത്. മുറിയിൽ നിന്ന് എം.ഡി.എം.എ. അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും 11,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Comments (0)