ചെറുവണ്ണൂരില്‍ ബിജെപി പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു

Jayachandran Master Voter List Revision Alliance Protest BJP ചെറുവണ്ണൂര്‍: ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ…


Jayachandran Master Voter List Revision Alliance Protest BJP

ചെറുവണ്ണൂര്‍: ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന മുഖ്യ വക്താവ് ടി.പി ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. എസ്‌ഐആറിന്റെ പേരില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നടത്തുന്ന സമരം സാധാരണക്കാര്‍ തള്ളിക്കളഞ്ഞതായി അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എസ്‌ഐആര്‍ ഇതിനുമുമ്പ് കോണ്‍ഗ്രസ് ഭരണകാലത്തും നടപ്പിലാക്കിയിട്ടുള്ള പ്രക്രിയയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലമായി രാജ്യത്ത് എസ്‌ഐആര്‍ നടപ്പിലാക്കിയിട്ടില്ല. 20 വര്‍ഷക്കാലത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ മരണപ്പെട്ടവരും സ്ഥലം മാറിപ്പോയവരും കണ്ടെത്താനാകാത്തവരുമായ നിരവധി വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. അര്‍ഹതപ്പെട്ട ഒരു വോട്ടര്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായതായി രേഖാപരമായി തെളിയിക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ സുപ്രീം കോടതിയും എസ്‌ഐആറിന് അനുമതി നല്‍കിയിട്ടുള്ളതാണ്. ഇതൊക്കെയായിട്ടും കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യവിരുദ്ധ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി സമരം നടത്താനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് ബംഗ്ലാദേശ് മോഡല്‍ ഭരണം ഭാരതത്തിലും നടപ്പിലാക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തോറ്റ 1977, 1989, തൊണ്ണൂറുകളുടെ കാലഘട്ടത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് ഇവിഎമ്മിനായിരുന്നു കുറ്റമെങ്കില്‍, അത് ജനം തള്ളിക്കളഞ്ഞതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിച്ച് ജനങ്ങളില്‍ ഭീതി വരുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 50 വര്‍ഷക്കാലം രാജ്യത്തെ മുഖ്യപ്രതിപക്ഷമായി പ്രവര്‍ത്തിച്ചാണ് ബിജെപി അധികാരത്തില്‍ എത്തിയത്. പ്രതിപക്ഷത്തിരുന്ന കാലത്ത് ഭരണഘടനാ സ്ഥാപനങ്ങളെയും ഇലക്ഷന്‍ കമ്മീഷനെയും കുറ്റപ്പെടുത്താതെ ജനങ്ങളില്‍ പ്രവര്‍ത്തിച്ചാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനമനസ്സില്‍ സ്വാധീനം നഷ്ടപ്പെട്ട ഇന്ത്യ മുന്നണി വരുന്ന തിരഞ്ഞെടുപ്പുകളിലും വന്‍ പരാജയം ഏറ്റുവാങ്ങും. ആഗോളതലത്തില്‍ വന്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴും ലോകത്തിന്റെ നെറുകയില്‍ ഭാരതം ശോഭിച്ചു നില്‍ക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ്. 12 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 2.16 ശതമാനമായി താഴ്ന്നു എന്നത് തന്നെ ഈ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ അംഗീകാരമാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം സായിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ രജീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം ഹരിദാസ്, ഇ പവിത്രന്‍, കെ.ടി വിനോദന്‍, കെ.കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.

Jayachandran Master Voter List Revision Alliance Protest BJP

Comments (0)