കലോത്സവവുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്

Department Safety ചങ്ങരോത്ത്: കുന്നുമ്മല്‍ സബ്ജില്ലാ കലോത്സവം നടക്കുന്ന വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ചും പരിസരത്തെ കടകളിലും ആരോഗ്യവകുപ്പ് രാത്രികാല പരിശോധന കര്‍ശനമാക്കി. കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന്…


Department Safety

ചങ്ങരോത്ത്: കുന്നുമ്മല്‍ സബ്ജില്ലാ കലോത്സവം നടക്കുന്ന വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ചും പരിസരത്തെ കടകളിലും ആരോഗ്യവകുപ്പ് രാത്രികാല പരിശോധന കര്‍ശനമാക്കി.

കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ശക്തമാക്കിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നശിപ്പിച്ചു.

വിവിധ കടകളില്‍ നിന്ന് പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളുമാണ് നശിപ്പിച്ചത്. ഇത്തരം ഭക്ഷണം കഴിക്കുന്നത് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് കര്‍ശന നടപടി. ഹോട്ടലുകളില്‍ ഹെല്‍ത്ത് കാര്‍ഡില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരെ ജോലിയില്‍ നിന്ന് മാറ്റണമെന്നും ഉടന്‍ കാര്‍ഡ് എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കുടിവെള്ള പരിശോധന നടത്താത്ത ജ്യൂസ് കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാതെ വില്‍പ്പന നടത്തുന്നത് അപകടകരമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചങ്ങരോത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുട്ടമ്പത്ത് അറിയിച്ചു. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ അസീസ്, പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജംഷിത, അര്‍ജുന്‍, ആരതി തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവ കാലയളവില്‍ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.

രാവിലെയും രാത്രിയിലും മിന്നല്‍ പരിശോധനകള്‍ തുടരും. കുട്ടികളുടെ ആരോഗ്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കടയുടമകളും ഹോട്ടല്‍ ഉടമകളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Department Safety

Comments (0)