ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം: ട്രാക്കിൽ നിന്ന് ബോഗി നീക്കം ചെയ്തു, ഗതാഗതം പുനഃസ്ഥാപിച്ചു

ഷൊർണൂർ: ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു. പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്ത് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതവും പുനഃസ്ഥാപിച്ചു. തടസ്സങ്ങൾ നീങ്ങിയതോടെ പാതയിൽ വിവിധയിടങ്ങളിലായി…


ഷൊർണൂർ: ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു. പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്ത് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതവും പുനഃസ്ഥാപിച്ചു. തടസ്സങ്ങൾ നീങ്ങിയതോടെ പാതയിൽ വിവിധയിടങ്ങളിലായി പിടിച്ചിട്ടിരുന്ന തീവണ്ടികൾ ഓരോന്നായി കടത്തിവിട്ടു. അപകടത്തെ തുടർന്ന് വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തിയത്.ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിന് അടുത്തുവെച്ചായിരുന്നു ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും വലിയ കാലതാമസവും നേരിട്ടു. പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ പിൻഭാഗം ഷൊർണൂർ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് മാറ്റിയത്. പ്രധാന റെയിൽവേ പാതയിലുണ്ടായ തടസ്സം കാരണം തൃശൂർ ഭാഗത്തുനിന്ന് വന്ന തീവണ്ടികൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയായിരുന്നു.സംഭവമറിഞ്ഞ ഉടൻ തന്നെ റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ട്രാക്ക് നവീകരണത്തിനും നേതൃത്വം നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ കഴിഞ്ഞത്.

Comments (0)