പുഴകളിലെ മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കത്തിന് പരിഹാരമാകുമോ?
പുഴകളിലെ മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കത്തിന് പരിഹാരമാകുമോ? പള്ളിക്കോണം രാജീവ് ഇതുവരെയും ഉണ്ടാകാത്ത വിധം പൊടുന്നനെയുള്ള അതിവൃഷ്ടിയും മിന്നൽപ്രളയവുമൊക്കെയായി കഴിഞ്ഞ ഒരാഴ്ചക്കാലമായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിവിധ ഭാഗങ്ങളിലുണ്ടായ…
പുഴകളിലെ മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കത്തിന് പരിഹാരമാകുമോ? പള്ളിക്കോണം രാജീവ് ഇതുവരെയും ഉണ്ടാകാത്ത വിധം പൊടുന്നനെയുള്ള അതിവൃഷ്ടിയും മിന്നൽപ്രളയവുമൊക്കെയായി കഴിഞ്ഞ ഒരാഴ്ചക്കാലമായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിവിധ ഭാഗങ്ങളിലുണ്ടായ കെടുതികളിൽനിന്നും ദുരിതത്തിൽനിന്നും ഞാനുൾപ്പെടെയുള്ള നദീതീരവാസികൾ കരകയറിയിട്ടില്ല.
മഴയുടെ തീവ്രത കുറഞ്ഞ് വെയിൽ പ്രത്യക്ഷമായി എങ്കിലും ഇവിടെ പുരയ്ക്കുള്ളിൽ നിന്നും മുറ്റത്തേയ്ക്കിറങ്ങിയ വെള്ളം ഒഴിഞ്ഞുമാറാൻ മടി കാട്ടിയിട്ട് രണ്ടു ദിവസമാകുന്നു. കേരളത്തിൽ മഴക്കാലം ശക്തമാകുമ്പോഴെല്ലാം പ്രളയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു.
ഈ ചർച്ചകളിൽ പലപ്പോഴും ഉയർന്നുവരുന്ന ഒരു അഭിപ്രായമാണ് - “പുഴകളിൽ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്താൽ പുഴയുടെ ആഴവും ജലസംഭരണശേഷിയും വർധിക്കും; അതിലൂടെ പ്രളയം കുറയ്ക്കാം” എന്നത്. സാമാന്യജനത്തിന് പെട്ടെന്ന് സ്വീകാര്യമായി തോന്നാവുന്ന ഈ അഭിപ്രായത്തിൽ ഒരു പരിധി വരെ ശാസ്ത്രീയമായ യുക്തിയുണ്ട്.
എന്നാൽ എല്ലാ പുഴകളിലും എല്ലാക്കാലത്തും മണൽ വാരി മാറ്റേണ്ടതാണ് എന്നത് പൊതുനയമായി കാണുന്നത് അപകടകരമാണ്. പുഴ വെറുമൊരു ഒഴുകുന്ന ജലാശയം മാത്രമല്ല; ജലം, മണൽ, ചെളി, പാറ, ജൈവവസ്തുക്കൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, ഭൂഗർഭജലം എന്നിവ തമ്മിലുള്ള നിരന്തരമായ ഇടപെടലിലൂടെ പ്രവർത്തിക്കുന്ന ഒരു സങ്കീർണ്ണമായ പ്രകൃതിവ്യവസ്ഥയാണ്.
പുഴ സ്വയം നിർണ്ണയിക്കുന്ന ഈ ഘടകങ്ങളുടെ ബന്ധത്തിനും സന്തുലിതാവസ്ഥയ്ക്കും മനുഷ്യരുടെ ഇടപെടലിലൂടെ മാറ്റം വരാൻ പാടില്ല. നദികളുടെ അടിത്തട്ടിലെ മണൽ നിക്ഷേപത്തിന് നദിയോളം തന്നെ പഴക്കമുണ്ട്.
ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് നദി ഒഴുക്കിക്കൊണ്ടുവന്ന് തൻ്റെ മാറിലെ വിരിപ്പാക്കിയ മണൽ കഴിഞ്ഞ 80 വർഷങ്ങൾക്ക് മുമ്പുവരെ പരിമിതമായ അളവിൽ മാത്രമേ മനുഷ്യർ വാരി എടുത്തിട്ടുള്ളൂ. ഗൃഹനിർമ്മാണത്തിന് തേപ്പിനായി കുമ്മായക്കൂട്ട് ഒരുക്കാനും തറയ്ക്കുള്ളിൽ നിറയ്ക്കാനും വാഴ, തെങ്ങ് എന്നിവ നടുമ്പോൾ ചുവട്ടിലിടാനും മാത്രമാണ് മണൽ അക്കാലത്ത് ഉപയോഗിച്ചിരുന്നുള്ളൂ.
ഓരോ വർഷവും പുതുതായി നിർമ്മിക്കുന്ന വീടുകളുടെയും എണ്ണം തുലോം വിരളമായിരുന്നു. അതുകൊണ്ട് മണൽഖനനം മൂലം അക്കാലത്ത് നദിയുടെ അടിക്കട്ടിൽ സാരമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാൽ നിയമം മൂലം മണൽ നിരോധനം വരുന്നതിനും മുമ്പ് ഏതാനും പതിറ്റാണ്ടുകളായി പുഴകളിൽ നിന്ന് മണൽ വാരിമാറ്റിയത് അമിതമായ അളവിലാണ്. കോൺക്രീറ്റ് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ക്രമാതീതമായി വർദ്ധിച്ചതോടെ പുഴമണൽ കൂടുതലായി ആവശ്യം വന്നതിനാൽ പരമ്പരാഗതമായ മണൽവാരൽ മാത്രമല്ല മണലൂറ്റൽ പ്രക്രിയയും രംഗത്തെത്തി.
കുടിയേറ്റ കാലം മുതൽ അതുവരെയും മനുഷ്യർ പുഴയിൽനിന്നും വാരിമാറ്റിയ ആകെ മണലിൻ്റെ എത്രയോ ഇരട്ടിയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ കൊണ്ട് വാരി മാറ്റിയത്. ഈ മണൽ നിക്ഷപങ്ങൾ അപ്പപ്പോൾ നദിയിൽ രൂപപ്പെട്ടതല്ല എന്നോർക്കണം.
വാരിമാറ്റിയ സ്ഥലങ്ങളിൽ പുതുതായി വരുന്ന മണൽ പുഴയുടെ രൂപഘടന നിലനിർത്താൻ നീരൊഴുക്കിലൂടെ അത് സ്വയം ശ്രമിക്കുന്നതാണ്. ആ മണലാകട്ടെ കിഴക്കൻ പ്രദേശങ്ങളിലുള്ള മുൻകാല നിക്ഷേപങ്ങളുമാണ്.
അല്ലാതെ വാരി മാറ്റിയ മണലിന് പകരം വർഷംതോറും പുഴയിൽ മണൽ പുതുതായി ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം. മീനച്ചിലാറിൻ്റെ മണൽത്തട്ടിലുണ്ടായ മാറ്റങ്ങൾ വെളിപ്പെടുത്തുന്ന ഏതാനും ചരിത്രപരാമർശങ്ങൾ ലഭ്യമാണ്.
അതിൽ ഏറെ പ്രസക്തമായ രണ്ടു സന്ദർഭങ്ങൾ പറയാം. പതിനാലാം നൂറ്റാണ്ടിൽ (ഏകദേശം 1350 CE) രചിക്കപ്പെട്ട ഉണ്ണുനീലിസന്ദേശം എന്ന മണിപ്രവാള കാവ്യകൃതിയിൽ സന്ദേശഹരൻ സഞ്ചരിക്കേണ്ട വഴിയിൽ മുറിച്ച കടക്കേണ്ട മീനച്ചിലാറിൻ്റെ കുറിച്ച് പരാമർശമുണ്ട്.
വിപ്രേന്ദ്രാണാം അഭിജനവതാം വാസസങ്കേത സീമാം എനാം ജാനുദ്വയ സമധുര സ്വച്ഛനീരാഭിരാമം ഛത്രശ്രേണീ വിരചിത നടപ്പന്തലൂടെ കടന്നിട്ട് തത്രത്യാനാം അവിധാനിനാദവും കേട്ടുകേട്ട്. എന്ന കാവ്യഭാഗത്ത് കാലിണകൾ നനയാനും മാത്രം തെളിനീരൊഴുകുന്ന നദിയിലൂടെ നടന്ന് മറുകര താണ്ടാമെന്നാണ് അറിയിക്കുന്നത്.
തിരുവഞ്ചൂരിൽ ഇന്നത്തെ പൂവത്തുംമൂട് പാലത്തിൻ്റെ താഴെയുള്ള പഴയ കടത്താണ് ഈ സ്ഥലം. പണ്ട് കാലിണകൾ നനയാനുംമാത്രം വെള്ളമൊഴുകിയിരുന്നിടത്ത് ആറര നൂറ്റാണ്ടുകൾക്ക് ശേഷം മണൽ വാരിമാറ്റിയുണ്ടായ അഗാധമായ ഗർത്തങ്ങളാണുള്ളത്.
കേരളത്തിലെ പുത്തൻകൂർ സുറിയാനി നസ്രാണികളിൽ ഇന്നും സജീവമായി നിൽക്കുന്ന ബാവാ കക്ഷി -മെത്രാൻ കക്ഷി വൈരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ട കാലത്തെ കോളിളക്കം സൃഷ്ടിച്ച "ആനപ്പാപ്പി കൊലപാതകം"വിഷയമാക്കി മെത്രാൻകക്ഷിക്കാർ രചിച്ച ആനപ്പാപ്പി കൊലക്കേസ് എന്ന ഗ്രന്ഥത്തിൽ ആനപ്പാപ്പിയെ ശത്രുക്കൾ തല്ലിക്കൊല്ലുന്നത് കോട്ടയം പഴയ സെമിനാരിയുടെ താഴെ മീനച്ചിലാറ്റിലെ മണൽപ്പരപ്പിൽ വച്ചാണ്. മീനച്ചിലാർ തെക്കോട്ടു തിരിയുന്ന തിരുവാറ്റായിലെ വീതിയേറിയ ഭാഗത്ത് പഴയസെമിനാരിയോട് ചേർന്നുണ്ടായിരുന്ന വിശാലമായ മണൽപ്പരപ്പിലാണ് അക്കാലത്ത് കേവുവള്ളങ്ങളിൽ തുഴയുന്നവർ വിശ്രമിച്ചിരുന്നത്.
അവിടെ കാപ്പിക്കടയും കഞ്ഞിക്കടയും ഒക്കെയുണ്ടായിരുന്നു. വടക്കുപടിഞ്ഞാറേ ഓരം ചേർന്നാണ് നദി ഒഴുകിയിരുന്നത്.
ആനപ്പാപ്പി വൈകുന്നേരം ചായ കുടിക്കാനായി മണൽപരപ്പിലേക്ക് ഇറങ്ങിയ സമയത്താണ് അപകടത്തിൽ പെടുന്നത്. ഇന്ന് ഈ മണൽപ്പരപ്പ് ഇല്ലെന്നു മാത്രമല്ല, നദിക്ക് എട്ടു മീറ്ററോളം താഴ്ച ഇവിടെയുണ്ട്.
1. മണൽ നീക്കം ചെയ്താൽ പ്രളയം കുറയുമെന്ന വാദത്തിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണ്?
ഒരു പുഴയുടെ അടിത്തട്ടിൽ വലിയ തോതിൽ മണൽ, എക്കൽ, ചെളി തുടങ്ങിയവ അടിഞ്ഞുകൂടുമ്പോൾ അതിന്റെ അനുപ്രസ്‌ഥ വിസ്താരം (cross-sectional area) കുറയാനിടയാകും. ലളിതമായി പറഞ്ഞാൽ - പുഴയുടെ ജലപ്രവാഹശേഷി എന്നത് പുഴയുടെ വീതി, ആഴം, ഒഴുക്കിന്റെ വേഗത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
അടിത്തട്ടിൽ വലിയ തോതിൽ ചെളി അടിഞ്ഞ് പുഴയുടെ അനുപ്രസ്ഥ വിസ്താരം കുറയുമ്പോൾ അവിടങ്ങളിൽ വെള്ളം ഒഴുകിനീങ്ങാൻ താമസമുണ്ടാകുകയും ജലനിരപ്പ് ഉയരുകയും ചെയ്യും. അതിനാൽ അടിത്തട്ടിലെ ചെളിനിക്ഷേപം മൂലമോ തീരത്തോടു ചേർന്ന മണത്തിട്ട മൂലമോ ജലവാഹകശേഷി കുറഞ്ഞ് വെള്ളം കരകവിഞ്ഞൊഴുകുന്ന സ്ഥലങ്ങളിൽ എക്കൽ നിക്ഷേപം ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് പ്രയോജനകരമാണ്.
പാലങ്ങളുടെയും ചെക്ക് ഡാമുകളുടെയും സമീപം നദിയുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്ന ഭാഗങ്ങളിലും ഒഴുക്കിൻ്റെ വേഗത കുറയുന്ന വളവുതിരിവുകളിലും വമ്പിച്ച തോതിൽ ചെളിയടിഞ്ഞിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതാണ്. അതിലുപരിയായി നദീമുഖത്തെ അടിഞ്ഞുകൂടിയ വലിയ തോതിലുള്ള ചെളിനിക്ഷേപം നീക്കം ചെയ്യുന്നത് നീരൊഴുക്ക് വർദ്ധിപ്പിച്ച് പ്രളയസാധ്യത കുറയ്ക്കാൻ സഹായകമാകും.
2. അടിത്തട്ടിലെ അവശേഷിപ്പുകൾ നീക്കം ചെയ്താലുള്ള പ്രധാന ഗുണങ്ങൾ എന്താണ്?
പുഴയുടെ അനുപ്രസ്ഥ വിസ്‌താരം വർദ്ധിക്കുന്നതിൻ്റെ ഫലമായി ജലവാഹകശേഷിയും വർദ്ധിക്കുന്നു. പുഴയുടെ കരകവിഞ്ഞൊഴുകാതെ അനായാസം മുന്നോട്ടൊഴുകാൻ ഇത് സഹായകമാകും.
പ്രളയകാലത്ത് പാലങ്ങളുടെയും തടയണകളുടെയും സമീപം നദിയുടെ മേൽഭാഗത്തുണ്ടാകാനിടയുള്ള വെള്ളക്കെട്ട് ലഘൂകരിക്കാം. അനുപ്രസ്ഥ വിസ്താരം കൂടുമെന്നതിലും ഉപരിയായി അടിത്തട്ടിലെ ചെളിനിക്ഷേപത്തിൻ്റെ ഭാഗമായുള്ള ഗാർഹികമാലിന്യങ്ങൾ, മരക്കൊമ്പുകൾ തുടങ്ങി ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന തടസ്സങ്ങളും മാറ്റാൻ കഴിയും.
അത്തരത്തിൽ രൂപപ്പെട്ട കുപ്പിക്കഴുത്തുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നത് പ്രയോജനകരമാണ്. തടയണകളിൽ ചെളിനിക്ഷേപവും മണൽ നിക്ഷേപവും മൂലം സംഭരണശേഷി കുറയാം.
അവിടെയുള്ള അവശേഷിപ്പുകൾ നീക്കം ചെയ്യുന്നത് നദീതടത്തിൻ്റെ ഉയർന്ന വൃഷ്‌ടിപ്രദേശങ്ങളിൽ നേരിയ തോതിലാണെങ്കിൽ താഴെ ഭാഗങ്ങളിലുള്ള തടയണകളിൽ വർദ്ധിച്ച തോതിൽ ജലവാഹകശേഷി വർദ്ധിപ്പിക്കുന്നു. 3.
അടിത്തട്ടിൻ്റെ ആഴം കൂട്ടണം എന്ന ആവശ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണ്? “പുഴയിൽ മണൽ കൂടുതലാണ്, മണൽ വാരി മാറ്റിയാൽ വെള്ളപ്പൊക്കം പരിഹരിക്കാം” എന്ന സാമാന്യവാദം പ്രകാരം മണൽ വാരൽ അനുപ്രസ്ഥ വിസ്താരം വർദ്ധിപ്പിച്ച് ജലവാഹകശേഷി കൂട്ടുമെന്ന് പ്രഥമദൃഷ്ട്യാ തോന്നാം എന്നാൽ ചെളിനിക്ഷേപത്തിനോട് സ്വീകരിക്കേണ്ട മാനദണ്ഡമല്ല പുഴമണലിൻ്റെ കാര്യത്തിൽ വേണ്ടത്.
കാരണം അടിത്തട്ടിലെ മണൽ നദിയെ സംബന്ധിച്ചിടത്തോളം കേവലം അനാവശ്യഘടകം അല്ല; മറിച്ച് പുഴയുടെ സ്വാഭാവികഘടനയുടെ ഭാഗമാണ്. അമിതമായി മണൽവാരി മാറ്റുന്നതിലൂടെ പുഴയുടെ അടിത്തട്ട് ക്രമേണ താഴ്ന്നുപോകുന്നു.
തൽഫലമായി തീരങ്ങളുടെ സ്ഥിരത നഷ്ടമാകുന്നു. കൂടാതെ തീരങ്ങളിൽനിന്ന് മണ്ണൊലിച്ച് പോകാൻ ഇടയാകുന്നു.
ചുറ്റുമുള്ള മണൽ നീക്കം ചെയ്യുന്നതോടെ പാലങ്ങളുടെ അസ്ഥിവാരങ്ങൾക്ക് ഇളക്കം തട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് പാലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
4. മണൽവാരൽ ഭൂഗർഭജലത്തിൻ്റെ അളവിനെ ബാധിക്കും എന്ന വാദം ശരിയാണോ?
കേരളത്തിലെ നദികളുടെ മണൽ-ചരൽ പാളികൾ ഭൂഗർഭജല സംവിധാനത്തിന്റെ ഭാഗമാണ്. സാധാരണയായി മഴവെള്ളം ഭൗമോപരിതലത്തിലെ മൺപാളികളിലൂടെ ആഴ്ന്നിറങ്ങി ഭൂഗർഭജലശേഖരത്തെ അധികരിപ്പിക്കുന്നു.
ഇതേ പ്രകാരം തന്നെ നദിയിലൂടെ നീങ്ങുന്ന ജലത്തെ അടിത്തട്ടിലെ മണൽനിക്ഷേപം ഭൂമിയ്ക്കടിയിലേക്ക് ആഴ്ന്നിറങ്ങാൻ മാധ്യമമായി വർത്തിക്കുന്നു. അതിനാൽ അമിതമായി മണൽ വാരി നീക്കം ചെയ്താൽ അടിത്തട്ടിലെ ജലസ്വാധീനവും ഭൂഗർഭജലത്തിൻ്റെ അളവും കുറയാൻ കാരണമാകുന്നു.
ഇതുമൂലം നദീതടത്തിലെ കുളങ്ങൾ, കിണറുകൾ തുടങ്ങിയ അനുബന്ധജലാശയങ്ങൾ വറ്റിവരളാൻ കാരണമാകുന്നു. പരോക്ഷമായി കൃഷിയിടങ്ങളുടെ വരൾച്ചയ്ക്കു തന്നെ കാരണമായി തീരുന്നു.
5. ജൈവ വൈവിധ്യങ്ങൾക്ക് ഏതെങ്കിലും തരത്തിൽ നാശം സംഭവിക്കാൻ ഇടയുണ്ടോ?
മണൽ നീക്കം ചെയ്യുന്നത് ജലജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാക്കുകയും നദിയുടെ മൊത്തത്തിലുള്ള പാരിസ്ഥിതികഘടന തകരാൻ ഇടയാകുകയും ചെയ്യും. പുഴയിലെ മണൽ മത്സ്യങ്ങൾക്കും തിരവധിയായ മറ്റ് ജലജീവികൾക്കും ആവാസവ്യവസ്ഥയാണ്.
മണൽ നീക്കം ചെയ്യുമ്പോൾ മത്സ്യങ്ങൾക്ക് മുട്ടയിടാനുള്ള സ്വാഭാവിക മണൽതടങ്ങൾ ഇല്ലാതെയാകുന്നു. ജലത്തിലെ അകശേരുകികൾ, ഉഭയജീവികൾ, ജലത്തിലെ പ്രാണികൾ, അടിത്തട്ടിലെ സൂക്ഷ്മജീവികൾ എന്നിവയുടെ നിലനിൽപ്പ് അസാധ്യമാകുന്നു.
ഇതിൻ്റയെല്ലാം ഫലമായി ആത്യന്തികമായി മത്സ്യ സമ്പത്ത് കുറയുന്നു. 6.
മണൽവാരൽ മൂലം നദിയുടെ ആകമാനമുള്ള ഭൗതികഘടന വ്യത്യാസപ്പെടുന്നുണ്ടോ? മണൽ പുഴയുടെ സ്വാഭാവിക നിക്ഷേപ സന്തുലിതാവസ്ഥയുടെ ഭാഗമാണ്.
ഓരോ കാലത്തും നദിയിൽ പ്രകൃതി പ്രതിഭാസങ്ങളാൽ സ്വാഭാവികമായി നിക്ഷേപിക്കപ്പെടുന്ന ചരലുകൾ, മണൽ, ജൈവ അജൈവ അവശിഷ്ടങ്ങൾ എന്നിവ അടിത്തട്ടിൽ അടിയുകയും നിരന്തരമായ ഒഴുക്കിൻ്റെ ഫലമായി പുഴയൊഴുകുന്ന പ്രദേശത്തിൻ്റെ ഭൗമപരമായ പ്രത്യേകതകൾക്കനുസരിച്ച് പരക്കുകയും ചെയ്യും. മണൽ, ചരൽ തുടങ്ങിയ ഘടകങ്ങൾ ക്രമേണ അവശേഷിക്കുകയും അടിയൊഴുക്കിൻ്റെ ശക്തിയാൽ ചെളിയും മറ്റ് ജൈവ അജൈവമാലിന്യങ്ങൾ ഒഴുകി നീങ്ങുകയും ചെയ്യും.
ഇത് പുഴ നടത്തുന്ന സ്വാഭാവിക പ്രക്രിയയാണ്. മഴക്കാലത്ത് പുഴയുടെ മുകളിൽനിന്ന് ശക്തമായ കുത്തൊഴുക്കിലും വെള്ളച്ചാട്ടങ്ങളിലും പെട്ട് സഞ്ചരിക്കുന്ന പാറക്കഷണങ്ങൾക്ക് ക്രമേണ രൂപാന്തരം സംഭവിച്ച് മണലായി താഴേക്ക് നദിയുടെ പതന സ്ഥാനം വരെയും കൊണ്ടുപോകുന്നു.
ഇത് ഒരു അവക്ഷേപ ഗതാഗതസംവിധാനമാണ്. ഈ സംവിധാനത്തിൻ്റെ ഭാഗമായി ഓരോ കാലത്തും നദിയിൽ സംഭരിക്കപ്പെട്ട മണലിൻ്റെ അളവിനെ അടിസ്ഥാനമാക്കിയാണ് അവക്ഷേപത്തിൻ്റെ കണക്കെടുപ്പ് ബന്ധപ്പെട്ട അധികൃതർ നടത്തിയിരിക്കുന്നത്.
നദി സ്വയം നിശ്ചയിച്ചിട്ടുള്ള അതിൻ്റെ സ്വാഭാവികഘടന തകർക്കപ്പെട്ടാൽ നദിയുടെ പ്രവേഗത്തിലും പ്രവാഹഗതിയിലും കാര്യമായ മാറ്റമുണ്ടാകുന്നു. കടലിലേക്ക് ഒഴുകിച്ചേരുന്ന നദികളുടെ കാര്യത്തിൽ അവ പതനസ്ഥാനത്തേക്ക് എത്തിക്കുന്ന മണൽ കടൽത്തീരത്തിൻ്റെ അവക്ഷേപ സന്തുലിതാവസ്ഥയെ നിർണയിക്കുന്ന ഘടകമാണ്.
തീരത്തേക്ക് കാലക്രമേണ ഒഴുകിയെത്താൻ മണൽ ഇല്ലാതാകുന്നതോടെ തീരശോഷണം സംഭവിക്കാൻ ഇടയാകുന്നു. 7.
നദിയുടെ അടിത്തട്ടിലെ മണൽവാരി നീക്കുന്നത് പ്രളയത്തിന് പരിഹാരമാകുമോ? ഒറ്റവാക്കിൽ മറുപടി തരാൻ കഴിയാത്ത ചോദ്യമാണത്.
എന്നാൽ ഒരു പ്രത്യേക നദിയെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളിലെത്തുകയും ഉത്തരം പറയുകയും ചെയ്യേണ്ട വിഷയമാണത്. ഇതിനായി നദിയുടെ പ്രഭവസ്ഥാനങ്ങളിൽ നിന്ന് തുടങ്ങി ഇടനാട്ടിലെ പ്രധാന നദി വരെയുള്ള അരുവികൾ, നീർച്ചാലുകൾ, തോടുകൾ, ഉപനദികൾ എന്നിവ ഉൾപ്പെടുന്ന കൈവഴികളായും (Tributary) തുടർന്ന് പ്രായേണ ചെരിവു കുറഞ്ഞ ഇടനാട്ടിലൂടെ ഒഴുകുന്ന പ്രധാന നദി(Main Stem)യായും പതനസ്ഥാനത്തേക്ക് പിരിഞ്ഞ് ഒഴുകുന്ന കൈവഴി (distributary)കളായും മൂന്നുതരത്തിൽ വ്യത്യസ്തമായി വിലയിരുത്തണം.
ഇതിൽ Tributary ക്കും Distributary ക്കും ഇടയിലുള്ള നദീഭാഗത്തെ മനുഷ്യ ഇടപെടലുകൾ തീർത്തും പരിമിതമായിരിക്കേണ്ടതാണ്. Tributary-കളിലാണ് വലിയ തോതിൽ തടയണകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
സ്വാഭാവികമായ നീരൊഴുക്കിനെ തടയുമെങ്കിലും നദീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഘടകമല്ല അത്. തടയണകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്നതിലൂടെ താഴേക്ക് എത്തേണ്ട ജലത്തിൽ ചെറിയൊരു പങ്ക് അവിടെ സംഭരിക്കുന്നതിലൂടെ കുറയുമെങ്കിലും ഉയർന്ന ചെരിവുതലത്തിലെ നീരൊഴുക്കിനെ നിയന്ത്രിക്കുന്നതിന് പരിമിതമായേ സഹായകമാകുന്നുള്ളൂ.
പ്രധാന നദിയിൽ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നത് വെള്ളപ്പൊക്കത്തെ ലഘൂകരിക്കുമെങ്കിൽ ഉയർന്ന പ്രദേശങ്ങളിൽനിന്ന് അതിവൃഷ്‌ടി, മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ എന്നിവയിലൂടെ പ്രവഹിക്കുന്ന പ്രളയജലം കൂടുതൽ വേഗതയിൽ ഒഴുകിയെത്തുന്നതു മൂലമാണ് പ്രധാന നദിയുടെ തുടക്കത്തിൽ വമ്പിച്ച വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുന്നത്. അതു നിയന്ത്രിക്കാൻ തടയണകൾ ഒരു പരിധി വരെ ഉപകാരപ്രദമാണ്.
സമതലം വരെയുള്ള നദിയുടെ പ്രധാന കാണ്ഡഭാഗത്തിൻ്റെ ഘടന നദി സ്വയം നിർണ്ണയിക്കുന്നതാണ്. എങ്കിലും നദിയുടെ സുഗമമായ ഒഴുക്കിനെ പ്രതിരോധിക്കുന്ന തടസ്സങ്ങളും സൃഷ്‌ടിക്കാറുണ്ട്.
അത്തരത്തിൽ ചെളിയോടൊപ്പം മണലും ചേർന്ന് നദീതീരത്ത് രൂപപ്പെടുന്ന മൺതിട്ടകൾ, നദീമദ്ധ്യത്തിൽ ഉണ്ടാകാറുള്ള തുരുത്തുകൾ എന്നിവ നീക്കം ചെയ്യുന്നതു കൊണ്ട് നദീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്നു മാത്രമല്ല തൽസ്ഥാനത്തെ അനുപ്രസ്‌ഥ വിസ്താരം വർദ്ധിപ്പിച്ച് നീരൊഴുക്ക് വർദ്ധിപ്പിക്കാനും വെള്ളപ്പൊക്കത്തെ ലഘൂകരിക്കാനും സഹായിക്കുന്നു. നദിയുടെ പ്രധാന ഭാഗത്തു തന്നെ തുടർച്ചയായുള്ള വളവുതിരിവുകളിൽ ഒഴുക്ക് മന്ദഗതിയിലാകുന്നതിനാൽ എക്കൽ അടിഞ്ഞ് മൺതിട്ടകൾ ഉണ്ടാകാറുണ്ട്.
ഈ അവക്ഷേപങ്ങൾ നീക്കം ചെയ്യുന്നത് വലിയ തോതിൽ വെള്ളം ഒഴുകി മാറാൻ സഹായകരമാകും. വേനൽക്കാലത്ത് നദിയ്ക്കു കുറുകെ താത്കാലികമായി കെട്ടിയുണ്ടാക്കാറുളള ഓരുമുട്ടുകൾ പിന്നീട് ഉപേക്ഷിക്കപ്പെടുന്നതോടെ മഴക്കാലത്തെ കുത്തൊഴുക്കിൽ തകർന്ന് മണ്ണ് അടിത്തട്ടിലേക്ക് പരക്കുകയും നദിയുടെ അനുപ്രസ്ഥ വിസ്‌താരം കുറയാൻ ഇടയാക്കുകയും ചെയ്യാറുണ്ട്.
മണ്ണു കൊണ്ടുള്ള ഓരുമുട്ടുകൾക്ക് പകരം മറ്റു സംവിധാനങ്ങൾ അവംലബിക്കുക എന്നതാണ് ഇതിന് പരിഹാരം. നദിയുടെ പ്രധാന ഭാഗത്തെ മണൽ വാരി നീക്കുന്നത് നദിയുടെ സ്വാഭാവികഘടനയെ തകർക്കാൻ ഇടയാക്കും.
അമിതമായി അടിഞ്ഞുകൂടിയ അവക്ഷേപങ്ങൾ ഏതു തരത്തിലുള്ളതായാലും നീക്കം ചെയ്യേണ്ടതാണ്. അത്തരം തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനു മുമ്പായി നീരൊഴുക്കിനെ അത് എത്രത്തോളം ബാധിക്കുമെന്ന് ശാസത്രീയമായി വിലയിരുത്തി ഏതളവിലാണ് നിക്കേണ്ടതെന്ന് നിശ്ചയിക്കേണ്ട താണ്.
നീക്കം ചെയ്യുന്നതിൻ്റെ പേരിൽ അമിതമായി നദിയിൽ ആഴം കൂട്ടുന്നതോ നദീതീരത്തേക്ക് കടന്നുകയറി മണ്ണെടുക്കുന്നതോ നദീനാശത്തിന് കാരണമാകും. മണൽ ഉൾപ്പെടെയുള്ള അടിത്തട്ടിലെ അവക്ഷേപങ്ങൾ നീക്കം ചെയ്ത് നദിയുടെ ആഴം കൂട്ടുന്നതിലൂടെ അനുപ്രസ്ഥ വിസ്താരം കൂട്ടാമെന്നും അതിലൂടെ നീരൊഴുക്കു വർദ്ധിപ്പിച്ച് വെള്ളപ്പൊക്കത്തിൻ്റെ തോത് കുറയ്ക്കാമെന്നുമുള്ള വാദം സ്വാഭാവിക യുക്തിയാണ്.
എന്നാൽ വേമ്പനാട്ടുകായലിലേക്ക് ചേരുന്ന നദികളുടെ കാര്യത്തിൽ നദികളുടെ നിലവിലുള്ള സ്വാഭാവികഘടന ഈ വാദത്തിന് അനുകൂലമല്ല. കാരണം വേമ്പനാട്ടുകായൽ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി നദികൾ നിക്ഷേപിക്കുന്ന എക്കലടിഞ്ഞ് ആഴം കുറഞ്ഞ അവസ്ഥയിലാണ്.
വേമ്പനാട്ടുകായലിൽ 20 മീറ്റർ ആഴമുണ്ടായിരുന്ന സ്ഥാനത്ത് മൂന്നു മീറ്ററായി മാറിയിട്ടുണ്ട് എന്നതാണ് വസ്തുത. അതേസമയം വേമ്പനാട്ടുകായലിലേക്ക് ചേരുന്ന നദിയായ മീനച്ചിലാറിൻ്റെ പേരൂർ മുതൽ കാഞ്ഞിരം വരെയുള്ള വിവിധ സ്ഥാനങ്ങളിൽ 2022-ൽ നടത്തിയ പഠനം കാണിക്കുന്നത് ശരാശരി 6 മീറ്റർ താഴ്ചയാണ്.
പല കാലങ്ങളിലായി മണൽ വാരി മാറ്റിയത് മൂലം പുഴയുടെ ആഴം അമിതമായി കൂടിയിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും കാര്യമറിയാതെ സ്വന്തം ബുദ്ധിയിൽ തോന്നുന്നതുപോലെ പുഴയിലെ മണൽ വാരി മാറ്റണമെന്ന് ആവേശത്തോടെ ആവശ്യപ്പെടുന്നവർ മനസിലാക്കേണ്ടത് പുഴയിലൊരിടത്തും പുഴയുടെ സ്വാഭാവിക ഘടനയ്ക്ക് ആവശ്യമായതിൽ കൂടുതൽ മണൽ അടിഞ്ഞുകൂടിയിട്ടില്ല എന്നതാണ്.
പുഴയുടെ Main Stem നെ ബന്ധപ്പെടുത്തിയാണ് പലപ്പോഴും ഇത്തരം ചർച്ചകൾ ഉയരുന്നത്. മീനച്ചിലാറിൻ്റെ ഈ ഭാഗത്തെ ആഴം വർദ്ധിച്ചിരിക്കുന്നത് ഇനിയും കൂട്ടിയാൽ അമിതമായി ആഴം വർദ്ധിക്കുന്നതുമൂലം പ്രളയജലം കൂടുതലായി ഉൾക്കൊള്ളാൻ ഈ ഭാഗത്തെ സജ്ജമാക്കുന്നതിലൂടെ തിട്ടകൾ ഇടിയാൻ സാധ്യത കൂടുന്നു.
കൂടുതൽ വെള്ളം സംഭരിക്കുന്നതിലൂടെ വെള്ളം ഒഴുകി കായലിലേക്ക് നീങ്ങുന്നതിന് അത് കാരണമാകുന്നില്ല എന്നു മാത്രമല്ല വെള്ളം നഭീഭാഗത്ത് തിങ്ങാനും ഇടയാക്കുന്നു. അടിത്തട്ട് പൊങ്ങിനിൽക്കുന്ന കായലിനും നദിയുടെ കിഴക്കുള്ള ഉയർന്ന സ്ഥലത്തെ അടിത്തട്ടിനും ഇടയിൽ പ്രധാന നദീഭാഗം (Main stem) ഒരു സഞ്ചിപോലെ ജലസംഭരണിയായി മാറുകയാണ് ആഴം കൂട്ടുന്നതിലൂടെ സംഭവിക്കുന്നത്.
ഇതുമൂലം നദിക്കുണ്ടാകാവുന്ന നാശം ഏതൊക്കെ തരത്തിലാണ് പരിസ്ഥിതിയെയും നദീതടത്തിലെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് എന്ന് പ്രവചിക്കാനാവില്ല. മണൽ വാരി മാറ്റണമെന്ന് ആവശ്യപ്പെടുന്നവരിൽ ചിലർ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മണൽ വാരൽ പാടില്ല എന്നു പറയുന്നവരുടെ വാദത്തിൽ കഴമ്പുണ്ടാകുമോ എന്ന് സംശയിച്ച് നമ്മുക്ക് ഒരു വർഷമെങ്കിലും മണൽ വാരി നോക്കിയിട്ട് വെള്ളപ്പൊക്കം കുറയുമോ എന്ന് പരീക്ഷിക്കാമല്ലോ?
എന്നൊരു വാദം ഉന്നയിക്കുന്നുണ്ട്. ഒരിക്കൽ ആഴം കൂട്ടിയാൽ ഉണ്ടാകാവുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ പിന്നീടൊരിക്കലും പരിഹരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവില്ലാത്തവർക്ക് നദിയെ ഒരു പരീക്ഷണ വസ്തുവാക്കുന്നതിൽ മടിക്കേണ്ടതില്ല.
വായിൽ തോന്നിയ അഭിപ്രായങ്ങൾ തള്ളിവിടുന്നവർക്കൊപ്പം ചേരാനും ഇക്കാലത്ത് ഏറെപ്പേരുണ്ടാകും. 8.
അടിയന്തിരമായി ചെയ്യേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ? കാലാവസ്ഥാ വ്യതിയാനം കാരണമായി ഉണ്ടായി കൊണ്ടിരിക്കുന്ന ക്രമം തെറ്റിയ അതിവൃഷ്ടിയെ ചെറുക്കാൻ പ്രാദേശികതലത്തിൽ ഒന്നും ചെയ്യാൻ നമ്മുക്കാവില്ല.
അതു സൃഷ്‌ടിക്കുന്ന പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ പരമാവധി സജ്ജരാകുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളൂ. മലനിരകളിലെ പാറഖനനത്തിൻ്റെ നിരോധനം, മലനിരകളിലെ സ്വാഭാവിക സസ്യസമ്പത്തിനെ തകർക്കുന്ന കാർഷിക കുടിയേറ്റം, ടൂറിസം നിർമ്മിതികൾ എന്നിവ പരിമതപ്പെടുത്തൽ, ഉയർന്നു പ്രദേശങ്ങളിലെ തടയണയിലെ അവക്ഷേപങ്ങൾ നീക്കം ചെയ്യൽ എന്നീ നടപടികളിലൂടെ നദിയുടെ മേൽഭാഗത്ത് ഉരുൾപൊട്ടൽ, മലയിടിച്ചിൽ എന്നിവ കുറയ്ക്കാനും മഴവെളളം കുത്തിയൊഴുകി വരാതെ മണ്ണിൽ ആഴ്ന്നിറങ്ങാനും സഹായിക്കും.
പ്രധാന നദിയിൽ (Main Stem) നദീതീരസംരക്ഷണം, അടിത്തട്ടിൻ്റെ സംരക്ഷണം എന്നിവ പ്രധാനമാണ്. നഗരവൽക്കരത്തിൻ്റെ ഭാഗമായ അശാസ്ത്രീയമായ നിർമ്മിതികൾ പ്രത്യേകിച്ച് പുഴ കയ്യേറിയുള്ള റോഡ് നിർമ്മാണം, മൺതിട്ടകൾ കൈവശപ്പെടുത്തി കൃഷിയിടങ്ങളാക്കുന്നത് എന്നിവ നിരോധിക്കുക.
നദിയുടെ വീതിയും ആഴവും കുറയ്ക്കുന്ന എല്ലാ ഇടപെടലുകളും നിയമം മൂലം നിരോധിക്കുക. അമിതമായി അടിഞ്ഞുകൂടിയ അവക്ഷേപങ്ങൾ നദിയുടെ സ്വാഭാവികഘടനയ്ക്ക് മാറ്റം വരാതെ നീക്കം ചെയ്യുക.
നദീതീരത്തെ വൃക്ഷ-സസ്യജാലങ്ങളെ സംരക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നത് തീരം ഇടിഞ്ഞ് മണ്ണ് നദിയിൽ ചേരുന്നതിൻ്റെ ചെറുക്കും. വയലുകൾ, ചതുപ്പുകൾ എന്നിവ നികത്തപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം.
പ്രധാനമായും ചെയ്യേണ്ടത് നദിയുടെ പതന സ്ഥാനത്തേയ്ക്കുള്ള കൈവഴികൾ (Distributeries) ആഴം കൂട്ടുക എന്നതാണ്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന തോടുകൾ വീണ്ടെടുത്ത് കായലിലേക്ക് ജലം ഒഴുകി മാറാൻ സഹായകരമാക്കണം.
ഈ കൈവഴികൾ കായലിലേക്ക് ചേരുന്ന ഭാഗത്തെ അടിഞ്ഞുകുടിയ ചെളിനിക്ഷേപം വാരിമാറ്റി പ്രത്യേക അളവിൽ (പ്രധാന നദിയുടെ അടിത്തട്ടിനെക്കാൾ താഴ്ത്തി) ആഴം കൂട്ടണം. പ്രധാന നദിയിൽ നിന്ന് കായലിലേക്ക് വെള്ളം ഒഴുകുന്നത് ക്രമേണ അടിത്തട്ട് താഴ്ന്ന കൈവഴികളിലൂടെയാണ് എന്ന് ഉറപ്പാക്കുന്ന വിധം ആഴം കൂട്ടണം.
ഇതേ ആഴത്തിൽ നിന്ന് തുടങ്ങി കായലിലേക്ക് 200 മീറ്റർ നീളത്തിലെങ്കിലും ആഴം കൂട്ടി ചാൽ കീറണം. ഇതാണ് അടിയന്തിരമായി ചെയ്യേണ്ട പരിഹാരം.
എന്നാൽ വേമ്പനാട്ടുകായലിന് നഷ്‌ടമായ ആഴം തിരികെ കൊണ്ടുവരികയും പമ്പ,മണിമല, അച്ചൻകോവിലാർ എന്നീ നദികളിലെ കൂടുതൽ ഭാഗം ജലം തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഒഴുകി മാറുന്നതിനായി വേണ്ടി ശാസ്ത്രീയപരിഹാരം നടപ്പിലാക്കുകയും പ്രളയജലം ഒഴുകി മാറുന്നതിന് തണ്ണീർമുക്കം ബണ്ട് കൂടാതെ ചേർത്തല താലൂക്കിലെയും ആലപ്പുഴയിലെയും അടച്ചു കളഞ്ഞ തോടുകൾ തുറന്ന് റെഗുലേറ്ററുകൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഇനിയും വർദ്ധിച്ചു കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കങ്ങളെ നിയന്ത്രിക്കാൻ നമുക്കു സാധിക്കൂ. English Summary : Will Desilting and Dredging Sand from Rivers Solve Flooding?
A Scientific Perspective. The article addresses the growing public demand for removing sand and silt from rivers to increase their depth and capacity as a quick fix for recurring floods in Kerala ( കോട്ടയം നാട്ടുകൂട്ടം സെക്രട്ടറിയാണ് ലേഖകൻ )
Comments (0)