എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

താമരശ്ശേരി: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 11.163 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അടിവാരം സ്വദേശി ദിൽഷാദ് മുഹമ്മദ് (21) ആണ് പിടിയിലായത്.

സെപ്റ്റംബർ 3-ന് പുലർച്ചെ വെസ്റ്റ് കൈതപ്പൊയിലിൽ ദേശീയപാതയോരത്തെ ഫ്രഷ് മാർട്ട് വെജിറ്റബിൾസ് & ഫ്രൂട്ട്സ് കടയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 11.163 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രന്റെ മേൽനോട്ടത്തിൽ കോഴിക്കോട് റൂറൽ ഡാൻസാഫ് സംഘത്തിലെ എസ്.ഐ. വിനീത് വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

അറസ്റ്റിലായ ദിൽഷാദ് മുഹമ്മദ് നേരത്തെയും താമരശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Comments (0)