കായക്കൊടിയിൽ അജ്ഞാത വന്യജീവിയുടെ സാന്നിധ്യമെന്ന് സംശയം; ജാഗ്രതാ നിർദ്ദേശം

കായക്കൊടി: കായക്കൊടി കമ്മനോൽ–കനാൽ റോഡ് പരിസരത്ത് അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വനംവകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തി.
സെപ്റ്റംബർ 22-ന് രാത്രി പത്തുമണിയോടെയാണ് കമ്മനോൽ ഭാഗത്ത് ഒരു വീടിന് സമീപത്തെ പറമ്പിൽ അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ജനകീയ ദുരന്തനിവാരണ സേനാ വളണ്ടിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 12 മണിയോടെ പ്രാഥമിക പരിശോധന അവസാനിപ്പിച്ചെങ്കിലും രാവിലെ പരിശോധന തുടരാനാണ് തീരുമാനം.
ഇതിനിടെ, സെപ്റ്റംബർ 23-ന് രാത്രി എട്ടുമണിയോടെ കായക്കൊടി കനാൽ റോഡിൽ കമ്മന ഉനൈസിന്റെ വീടിന് സമീപവും സമാനമായ ജീവിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിലും നിരീക്ഷണവും നടത്തി.
കണ്ടത് പുലിയാണെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വന്യജീവിയുടെ സാന്നിധ്യം സംബന്ധിച്ച് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളിൽ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും പ്രദേശത്ത് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രത്യേകിച്ച് പുലർച്ചെയുള്ള നടത്തവും ഒറ്റയ്ക്കുള്ള യാത്രകളും ഒഴിവാക്കണമെന്ന് തൊട്ടിൽപ്പാലം പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തിന് സമീപമുള്ള കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ, എ.എം.യു.പി. സ്കൂൾ, കോവുക്കുന്ന് എൽ.പി. സ്കൂൾ എന്നിവയ്ക്കും സമീപത്തെ മദ്രസകൾക്കും സെപ്റ്റംബർ 23-ന് അവധി പ്രഖ്യാപിച്ചതായി കായക്കൊടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അറിയിച്ചു.
വനംവകുപ്പിന്റെയും പോലീസിന്റെയും ജനകീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണവും പരിശോധനയും തുടരുകയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Comments (0)