ക്ഷേത്രക്കടവ് കൈയേറി നിർമാണം നടത്തുന്നതായി ആരോപണം; പ്രതിഷേധ നാമജപ സംഗമവുമായി ഭക്തജനങ്ങൾ

പാലേരി: ശ്രീ അരിയന്താരി മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ഷേത്രക്കടവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപ സംഗമം സംഘടിപ്പിച്ചു. ക്ഷേത്രക്കടവിനോട് ചേർന്നുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സമീപ പറമ്പുടമയുടെ ഭാഗത്തുനിന്ന് കൈയേറ്റശ്രമം നടക്കുന്നതായാണ് പ്രതിഷേധക്കാരുടെ ആരോപണം. ക്ഷേത്രക്കടവിന്റെ പവിത്രതയും നിലവിലെ സ്ഥിതിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ കൂട്ടായ്മ.

ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി പകർന്നുനൽകിയ കർപ്പൂരദീപ ജ്യോതി ഏറ്റുവാങ്ങി ഭക്തജനങ്ങൾ ഘോഷയാത്രയായി നാമജപ വേദിയിലെത്തി. നൂറുകണക്കിന് ഭക്തജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അരീക്കണ്ടി വിഷ്ണു സ്വാഗതം പറഞ്ഞു. ക്ഷേത്ര രക്ഷാധികാരി പുതുക്കോട്ട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.പി. രാജൻ, ഇല്ലത്ത് മോഹനൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശശി ദർപ്പൺ നന്ദി രേഖപ്പെടുത്തി.

Comments (0)