Wayanad Landslides: മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് കാരണം കനത്ത മഴ മാത്രമല്ലെന്ന് റിപ്പോർട്ട്
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് കാരണം കനത്ത മഴ മാത്രമല്ലെന്ന് റിപ്പോർട്ട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന്റെ (Landslide) തീവ്രത വർധിപ്പിച്ചത് കനത്ത മഴയ്ക്കൊപ്പം പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകളെന്ന് (Geological Weaknesses) പഠനറിപ്പോർട്ട്.…
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് കാരണം കനത്ത മഴ മാത്രമല്ലെന്ന് റിപ്പോർട്ട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന്റെ (Landslide) തീവ്രത വർധിപ്പിച്ചത് കനത്ത മഴയ്ക്കൊപ്പം പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകളെന്ന് (Geological Weaknesses) പഠനറിപ്പോർട്ട്. രാജ്യാന്തര ഭൗമശാസ്ത്ര ജേർണലായ ‘ലാൻഡ്‌സ്ലൈഡ്സ്’ (Landslides) പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്ത പുതിയ പഠനമാണ് ദുരന്തത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ വ്യക്തമാക്കുന്നത്.
കേരള സർവകലാശാല, മൈഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER), സാവിത്രിബായ് ഫുലെ പൂനെ സർവകലാശാല എന്നിവിടങ്ങളിലെ ഭൗമശാസ്ത്ര ഗവേഷകർ (Geology Researchers) ചേർന്നാണ് പഠനം നടത്തിയത്. കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അധ്യാപകരായ ഡോ.
വൈ. അനിൽകുമാർ, ഡോ.
സജിൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. Wayanad Landslide 2nd Anniversary : വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ (Chooralmala–Mundakkai) ഉരുൾപൊട്ടൽ (Landslide) ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം.
48 മണിക്കൂറിൽ 573 മില്ലിമീറ്റർ മഴ 2024 ജൂലൈ 30-ന് രാത്രിയിലുണ്ടായ ദുരന്തത്തിന് മുന്നോടിയായി 48 മണിക്കൂറിനിടെ ഏകദേശം 573 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ശക്തമായ മഴയെ തുടർന്ന് പുന്നപ്പുഴയുടെ മുകൾഭാഗത്ത് മലയുടെ ഒരു ഭാഗം തകർന്നുവീണു.
തുടർന്ന് മണ്ണും പാറകളും വെള്ളവും ചേർന്ന പ്രവാഹം (Debris Flow) അതിവേഗത്തിൽ താഴേക്ക് കുതിച്ചു. ഏകദേശം 8 കിലോമീറ്റർ ദൂരം സഞ്ചരിച്ച പ്രവാഹം 768 മീറ്ററോളം ഉയരവ്യത്യാസം മറികടന്നതായും പഠനം പറയുന്നു.
വഴിയിലുണ്ടായിരുന്ന പാറകളും മണ്ണും മരങ്ങളും വേരോടെ ഒഴുകിപ്പോയി. ഇതോടെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
ദുരന്തമേഖലയിൽ വിശദമായ പഠനം ഇത്രയും വലിയ ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഗവേഷകർ 2025 ഏപ്രിലിൽ ദുരന്തബാധിത മേഖലയിൽ വിശദമായ ഫീൽഡ് പഠനം (Field Study) നടത്തി. ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പ്രദേശങ്ങളിലെ പാറകളുടെ സ്വഭാവം പരിശോധിക്കുകയും വിവിധ ഭാഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് വിശദമായ വിശകലനം നടത്തുകയും ചെയ്തു.
ഉരുൾപൊട്ടൽ ആരംഭിച്ച മുകൾഭാഗത്തേക്ക് നേരിട്ട് എത്താൻ സാധിക്കാത്തതിനാൽ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യ (Drone-based Technology), ഉയർന്ന റെസല്യൂഷനിലുള്ള വ്യോമചിത്രങ്ങൾ (High-resolution Aerial Images) എന്നിവയും പഠനത്തിനായി ഉപയോഗിച്ചു. തുടക്കമിട്ടത് മഴ; ഭൂഗർഭ ഘടന ദുരന്തം രൂക്ഷമാക്കി കനത്ത മഴ മാത്രമല്ല ഉരുൾപൊട്ടലിന്റെ കാരണം എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.
മഴ ഉരുൾപൊട്ടലിന് തുടക്കമിട്ടെങ്കിലും മല എവിടെയാണ് തകരുക, അവശിഷ്ടങ്ങൾ ഏത് വഴിയിലൂടെ സഞ്ചരിക്കും, ദുരന്തം എത്രത്തോളം രൂക്ഷമാകും തുടങ്ങിയ കാര്യങ്ങൾ നിർണയിച്ചത് പ്രദേശത്ത് നേരത്തെ നിലനിന്നിരുന്ന ഭൂഗർഭ ഘടനകളാണെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ടുതന്നെ ഭാവിയിൽ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുമ്പോൾ കാലാവസ്ഥാ ഘടകങ്ങൾക്കൊപ്പം ഭൂഗർഭശാസ്ത്രപരമായ പ്രത്യേകതകളും (Geological Factors) ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ശക്തമായ ഭൂചലനങ്ങൾ സൃഷ്ടിച്ച വിള്ളലുകൾ ദുരന്തബാധിത മേഖലയിലെ മലനിരകൾ കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കട്ടിയുള്ള പാറകളാൽ രൂപപ്പെട്ടവയാണ്. ഭൂമിയുടെ അടിത്തട്ടിൽ മുൻകാലങ്ങളിൽ ഉണ്ടായ ശക്തമായ ഭൂചലനങ്ങളും ഭൂഗർഭ സമ്മർദങ്ങളും (Tectonic Stress) കാരണം ഈ പാറകളിൽ നിരവധി സ്വാഭാവിക വിള്ളലുകളും (Natural Fractures) ബലഹീന മേഖലകളും രൂപപ്പെട്ടിരുന്നു.
ഈ വിള്ളലുകൾ മലയുടെ സ്ഥിരതയെ ദീർഘകാലമായി ബാധിച്ചുകൊണ്ടിരുന്നതായും പഠനത്തിൽ കണ്ടെത്തി. വിള്ളലുകളിലൂടെ വെള്ളം ആഴത്തിലേക്ക് അത്യധികമായ മഴ ലഭിച്ചതോടെ വെള്ളം പാറകളിലെ പരസ്പരം ബന്ധിപ്പിച്ചിരുന്ന വിള്ളലുകളിലൂടെ അതിവേഗം മലയുടെ ഉൾഭാഗത്തേക്ക് പ്രവേശിച്ചു.
ഇതോടെ ഭൂഗർഭ ജലസമ്മർദം (Pore Water Pressure) വർധിച്ചു. പാറയുടെ താങ്ങാനുള്ള ശേഷി ക്രമേണ കുറഞ്ഞതോടെ വലിയൊരു ശിലാഭാഗം മലയിൽനിന്ന് വേർപെട്ട് താഴേക്ക് നീങ്ങുകയായിരുന്നു.
എന്നാൽ ഉരുൾപൊട്ടലിന്റെ തീവ്രത വർധിപ്പിച്ചത് ഇതുമാത്രമല്ല. താഴേക്ക് നീങ്ങിയ ചെളി–പാറ പ്രവാഹം ചില ഭാഗങ്ങളിൽ ഇടുങ്ങിയ താഴ്‌വാരങ്ങളിലെത്തി.
ഇവിടെ മെറ്റാഗാബ്രോ (Metagabbro), ഗ്രാനൈറ്റ് (Granite) തുടങ്ങിയ ശക്തമായ പാറകൾ സ്വാഭാവിക തടസ്സങ്ങളായി പ്രവർത്തിച്ചു. ഈ പാറകൾ എളുപ്പത്തിൽ ക്ഷയിക്കാത്തതിനാൽ താഴ്‌വരകൾ കൂടുതൽ ഇടുങ്ങിയ നിലയിൽ തുടർന്നു.
ഇതോടെ മണ്ണും പാറകളും വെള്ളവും ചില ഭാഗങ്ങളിൽ താൽക്കാലികമായി അടിഞ്ഞുകൂടി പ്രകൃതിദത്ത അണക്കെട്ടുകൾ (Natural Dams) രൂപപ്പെട്ടു. പിന്നീട് ഈ താൽക്കാലിക പ്രകൃതിദത്ത അണക്കെട്ടുകൾ തകർന്നതോടെ വെള്ളവും ചെളിയും വൻ പാറകളും ഒന്നിച്ച് അതിശക്തമായ വേഗത്തിൽ താഴേക്ക് കുതിച്ചിറങ്ങി.
ഇതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തിയ പ്രവാഹത്തിന്റെ ശക്തി പലമടങ്ങ് വർധിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടം ഇത്രയും രൂക്ഷമാകാൻ ഈ ഭൂഗർഭ ഘടനകളും പ്രകൃതിദത്ത തടസ്സങ്ങളുടെ തകർച്ചയും നിർണായക പങ്കുവഹിച്ചെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ.
ഭാവിയിലെ ഉരുൾപൊട്ടൽ പഠനങ്ങൾക്ക് നിർണായക കണ്ടെത്തൽ മുണ്ടക്കൈ–ചൂരൽമല ദുരന്തം വിലയിരുത്തുമ്പോൾ ‘കനത്ത മഴ’ എന്ന ഒറ്റ ഘടകത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മതിയാകില്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്. മഴ, പാറകളിലെ സ്വാഭാവിക വിള്ളലുകൾ, ഭൂഗർഭ ജലസമ്മർദം, പാറകളുടെ ഘടന, താഴ്‌വാരങ്ങളുടെ സ്വഭാവം, പ്രകൃതിദത്ത തടസ്സങ്ങളുടെ രൂപീകരണം തുടങ്ങിയ ഘടകങ്ങളെല്ലാം ഒരുമിച്ച് പരിഗണിച്ചുള്ള അപകടസാധ്യതാ വിലയിരുത്തൽ (Landslide Risk Assessment) അനിവാര്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
English Summary : A new scientific study selected for publication in the international journal Landslides reveals that extreme rainfall was not the sole cause of the tragic Mundakkai–Chooralmala landslides in Wayanad. Conducted by geology researchers from the University of Kerala, IISER Mohali, and Savitribai Phule Pune University (led by Dr.
Y. Anilkumar and Dr.
Sajinkumar), the research identifies deeply ingrained geological weaknesses as a critical factor that drastically amplified the disaster's scale.
Comments (0)