അസമിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 മരണം; നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യത
ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഇരുപത്തിനാല് പേർ ദാരുണമായി മരണപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബോകാഘട്ടിൽ നിന്ന് നാഗോണിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട്…
ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഇരുപത്തിനാല് പേർ ദാരുണമായി മരണപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബോകാഘട്ടിൽ നിന്ന് നാഗോണിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിൽ വെച്ചായിരുന്നു സംഭവം.അപകടത്തിന്റെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച് തലകീഴായി മറിഞ്ഞ വാഹനങ്ങളിൽ നിന്ന് പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ഏറെ പ്രയാസപ്പെട്ട് പുറത്തെടുത്തത്. അപകടസമയത്ത് മിനിബസ് അമിതവേഗതയിലായിരുന്നുവെന്നും, അനുവദനീയമായതിനെക്കാൾ കൂടുതൽ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഈ മിനിബസിന് മുൻപും നിയമലംഘനങ്ങളുടെ പേരിൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന. ദാരുണമായ സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞെട്ടൽ രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി എക്സ് കുറിപ്പിൽ വ്യക്തമാക്കി.
Comments (0)