ലഹരിക്കെതിരെ അമ്മമനസ്സിന്റെ കരുത്തുമായി അര്‍ജന്റിയം 2k26

2k26 Nari Deepthi Rally Police Academy Batch Women Police Drug Campaign Kerala The Narco Hunt കേരള പൊലീസ് അക്കാദമിയിലെ ആദ്യ പരിശീലനാര്‍ഥികളായ 2001 ബാച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ 'അര്‍ജന്റിയം 2k26', കേരളത്തിന്റെ ലഹരിവിരുദ്ധ…


2k26 Nari Deepthi Rally Police Academy Batch Women Police Drug Campaign Kerala The Narco Hunt

കേരള പൊലീസ് അക്കാദമിയിലെ ആദ്യ പരിശീലനാര്‍ഥികളായ 2001 ബാച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ 'അര്‍ജന്റിയം 2k26', കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നല്‍കുകയാണ്. ഇന്ന് കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്.

കേരള സര്‍ക്കാരിന്റെ 'തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, 500ഓളം വരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അണിനിരക്കുന്ന 'തൂഫാന്‍ നാരി ദീപ്തി' റാലി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഇന്ന് രാവിലെ 9 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു.

ഒരു അമ്മയുടെ പരിരക്ഷയോടെ മക്കളെയും പൊതുസമൂഹത്തെയും ലഹരിയില്‍ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രതിജ്ഞയാണ് പരിപാടിയുടെ കാതല്‍. ഇക്കാലത്തെ ലഹരിമാഫിയ കുട്ടികളെ ലക്ഷ്യമിടുമ്പോള്‍, അവര്‍ക്ക് സംരക്ഷണകവചമാകാന്‍ അമ്മയുടെ കരുതലിനാണ് സാധിക്കുക എന്നതാണ് 'തൂഫാന്‍ നാരി ദീപ്തി' എന്ന ആശയത്തിന് ആധാരം. ഓരോ അമ്മമാര്‍ക്കും വേണ്ടി 2001 ബാച്ചിലെ 500ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഈ പ്രതിജ്ഞ ഏറ്റെടുക്കും.

25 വര്‍ഷം മുമ്പ് അക്കാദമിയുടെ വന്യഭംഗിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2001 ബാച്ചിന്, ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പൊലീസ് പരിശീലന കേന്ദ്രമായി മാറിയ കേരള പോലീസ് അക്കാദമിയോടുള്ള ഗൃഹാതുരമായ ആത്മബന്ധം ദൃഢപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടെവച്ചുതന്നെ ആഘോഷങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചത്.

കേരള പൊലീസ് അക്കാദമി ഡയറക്ടറും പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലുമായ സേതുരാമന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥിയായ മുന്‍ കേരള ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച്, തങ്ങളെ പരിശീലിപ്പിച്ച് മികച്ച പൊലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കുന്നതിനും 'അര്‍ജന്റിയം 2k26' സാക്ഷ്യം വഹിക്കും.



2k26 Nari Deepthi Rally Police Academy Batch Women Police Drug Campaign Kerala The Narco Hunt

Comments (0)