കേസ്; പ്രതിക്ക് നാല് വർഷം കഠിന തടവും 55,000 രൂപ പിഴയും

കേസ്; പ്രതിക്ക് നാല് വർഷം കഠിന തടവും 55,000 രൂപ പിഴയും

15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് നാല് വർഷം കഠിന തടവും 55,000 രൂപ പിഴയും

കോഴിക്കോട്: 15 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നരിക്കുനി പറശ്ശേരി മുക്ക് നരിക്കുനിയിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (29) ആണ് ശിക്ഷിക്കപ്പെട്ടത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദലി കെ. ആണ് പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പ്രതിക്ക് ശിക്ഷ വിധിച്ചത്.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് കേസ്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിച്ചു. ഡോക്ടറോട് കുട്ടി സംഭവം വെളിപ്പെടുത്തിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. സബ് ഇൻസ്പെക്ടർ അനൂപ് എ.പി. ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി. ഹാജരായി.

Comments (0)